കോഴിക്കോട്: മതിയായ അന്വേഷണം നടത്താതെ പൊതുപ്രവർത്തകനെ സ്ത്രീപീഡന കേസിൽ പ്രതിയാക്കി എന്ന പരാതിയിൽ തിരുവമ്പാടി എസ്.ഐക്കെതിരെ വകുപ്പുതല നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു.
സർക്കാർ 50,000 രൂപ നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവിൽ പറയുന്നു. നഷ്ടപരിഹാരത്തുക രണ്ടു മാസത്തിനുള്ളിൽ നൽകിയ ശേഷം എതിർകക്ഷിയായ തിരുവമ്പാടി എസ്.ഐ ഇ.കെ. രമ്യയുടെ ശമ്പളത്തിൽനിന്നും ഈടാക്കണമെന്നും കമീഷൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകി. സ്വീകരിച്ച നടപടികൾ രണ്ടു മാസത്തിനുള്ളിൽ സംസ്ഥാന പൊലീസ് മേധാവി കമീഷനെ രേഖാമൂലം അറിയിക്കണം. ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ എസ്.ഐയുടെ പേരിൽ കർശന നടപടി സ്വീകരിക്കേണ്ടത് അനിവാര്യമാണെന്ന് ഉത്തരവിൽ പറയുന്നു.
പൗരാവകാശ ലംഘനങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന നാട്ടൊരുമ പൗരാവകാശ സമിതിയുടെ എക്സിക്യൂട്ടിവ് അംഗമായ തിരുവമ്പാടി സ്വദേശി സെയ്തലവിയുടെ പരാതിയിലാണ് നടപടി. പൗരന്റെ അന്തസ്സും സ്വാതന്ത്ര്യവും സംരക്ഷിക്കേണ്ട പൊലീസ് ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നത് പൊതുജനങ്ങൾക്കുള്ള വിശ്വാസത്തിന് കോട്ടമുണ്ടാക്കുമെന്ന് ഉത്തരവിൽ പറഞ്ഞു.