വടകര∙ പൈപ്പ് പൊട്ടി ജല വിതരണം മുടങ്ങി 3 ആഴ്ചയായിട്ടും ദേശീയപാത നിർമാണ കമ്പനി അറ്റകുറ്റപ്പണി നടത്താത്തതിൽ അഴിയൂർ, മുക്കാളി ഭാഗത്ത് പ്രതിഷേധം ശക്തമായി. മുക്കാളിയിൽ പാതയ്ക്കു കുറുകെ കലുങ്ക് പണിയാൻ കുഴി എടുത്തപ്പോഴാണ് പൈപ്പ് പൊട്ടിയത്. ഇത്തരം സ്ഥലങ്ങളിൽ സമാന്തരമായി പുതിയ പൈപ്പ് സ്ഥാപിച്ച ശേഷമാണ് കുഴിയുണ്ടാക്കുക. എന്നാൽ ഇവിടെ പുതിയ പൈപ്പ് സ്ഥാപിക്കാതെ കുഴിയുണ്ടാക്കുകയായിരുന്നു. ദേശീയ പാത അതോറിറ്റിയും നിർമാണ കമ്പനിയും ഇത്രയും ദിവസമായിട്ടും നടപടിയെടുത്തിട്ടില്ല.
ജല അതോറിറ്റിയുടെ കരാർ ജോലിക്കാരെ നൽകാമെന്നു പറഞ്ഞിട്ടും പൈപ്പ് പൊട്ടിയ അവസ്ഥയിൽ കിടക്കുകയാണ്. തീര മേഖല ഉൾപ്പെടെയുള്ള സ്ഥലത്ത് കുടിവെള്ളം മുടങ്ങിയതിനെ തുടർന്ന് എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ ആവശ്യപ്പെട്ടിട്ടും ചില സാങ്കേതിക കാരണങ്ങൾ പറഞ്ഞ്‍ റിപ്പയർ നീട്ടിക്കൊണ്ടു പോകുകയാണ്. പൈപ്പ് മാറ്റാൻ വൈകിയാൽ പാതയുടെ പണി തടയുന്നത് ഉൾപ്പെടെയുള്ള സമര പരിപാടികൾക്ക് ഒരുങ്ങുകയാണ് നാട്ടുകാർ.