വിഷു റിലീസിൽ തിയറ്ററുകള്‍ നിറയുമ്പോൾ ഒടിടിയിലും വമ്പൻ റിലീസുകളാണ് പ്രേക്ഷകർക്കായി ഒരുക്കി വച്ചിരിക്കുന്നത്. അനശ്വര രാജൻ–സജിൻ ഗോപു ചിത്രം പൈങ്കിളി, ബേസിൽ ജോസഫ്–സൗബിൻ ഷാഹിർ ടീമിന്റെ ‘പ്രാവിൻകൂട് ഷാപ്പ്’, ഒമർ ലുലുവിന്റെ ‘ബാഡ് ബോയ്സ്’, വിക്കി കൗശലിന്റെ ഛാവ, തെലുങ്ക് ചിത്രം ‘കോർട്ട്’ എന്നിവയാണ് ഈ ആഴ്ച ഒടിടി
റിലീസിനെത്തിയിരിക്കുന്നത്. ആന്റണി വർഗീസ് നായകനായെത്തിയ ‘ദാവീദ്’ ഏപ്രിൽ 18ന് സീ ഫൈവ് പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യും.
പൈങ്കിളി: ഏപ്രിൽ 11: മനോരമ മാക്സ്
അനശ്വര രാജൻ, സജിൻ ഗോപു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നടൻ ശ്രീജിത്ത് ബാബു സംവിധാനം ചെയ്ത സിനിമ. ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിത്തു മാധവൻ ആണ് പൈങ്കിളിയുടെ തിരക്കഥ ഒരുക്കിയത്. ഫഹദ് ഫാസിൽ, ജിത്തു മാധവൻ എന്നിവർ ചേർന്നാണ് നിര്‍മാണം. റോഷൻ ഷാനവാസ്, ചന്തു സലീംകുമാർ, അബു സലിം, ജിസ്മ വിമൽ, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാൻ, അശ്വതി ബി, അമ്പിളി അയ്യപ്പൻ, പ്രമോദ് ഉപ്പു, അല്ലുപ്പൻ, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കർ, സുനിത ജോയ്, ജൂഡ്സൺ, അജയ്, സുലേഖ, പ്രണവ് യേശുദാസ്, ഷിബുകുട്ടൻ, അരവിന്ദ്, പുരുഷോത്തമൻ, നിഖിൽ, സുകുമാരൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
പ്രാവിന്കൂട് ഷാപ്പ്: ഏപ്രിൽ 11: സോണി ലിവ്വ്
സൗബിന് ഷാഹിര്‍, ബേസില്‍ ജോസഫ്, ചെമ്പൻ വിനോദ് ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം. ഒരു ഷാപ്പില് നടന്ന മരണവും ആ മരണത്തെ ചുറ്റിപറ്റിയുള്ള സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. അൻവർ റഷീദ് എന്റർടെയ്ൻമെൻ്റ്സിന്റെ ബാനറിൽ അൻവർ റഷീദ് ആണ് ചിത്രം നിർമ്മിച്ചത്. ഷൈജു ഖാലിദ് ഛായാഗ്രഹണവും വിഷ്ണു വിജയ് സംഗീതവും നിർവഹിച്ചിരിക്കുന്നു.
ബാഡ് ബോയ്സ്: ഏപ്രിൽ 11: ആമസോൺ പ്രൈം
റഹ്മാന്, ധ്യാൻ ശ്രീനിവാസൻ, ഷീലു ഏബ്രഹാം എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒമർ ലുലു സംവിധാനം ചെയ്ത ചിത്രം. സൈജു കുറുപ്പ്, ബാബു ആന്റണി, ബിബിൻ ജോര്‍ജ്, അജു വർഗീസ്, ബാല, ആൻസൺ പോൾ, സെന്തിൽ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകൻ, രമേശ് പിഷാരടി, ഡ്രാക്കുള സുധീർ, സോഹൻ സീനുലാൽ, മൊട്ട രാജേന്ദ്രൻ, സജിൻ ചെറുകയിൽ, മല്ലിക സുകുമാരൻ, അജയ് വാസുദേവ്, ആരാധ്യ ആൻ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ആമസോണ്‍ പ്രൈം വീഡിയോ, മനോരമ മാക്സ് എന്നിവിടങ്ങളിൽ ചിത്രം കാണാം.
ഛാവ: ഏപ്രിൽ 11: നെറ്റ്ഫ്ലിക്സ്
ബോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രം വിക്കി കൗശൽ നായകനായ ചിത്രം ബോക്സ് ഓഫീസിൽ ഇന്ത്യയിൽ നിന്നു മാത്രം 600 കോടിയും ലോകമെമ്പാടുമായി 800 കോടിയും നേടിയിരുന്നു. ഛത്രപതി ശിവാജിയുടെ മകനും മറാത്താ രാജാവുമായിരുന്ന സാംബാജിയുടെ ജീവിതകഥയാണ് ചിത്രം പറയുന്നത്. രശ്മിക മന്ദാന, അക്ഷയ് ഖന്ന, അശുതോഷ് റാണ, ദിവ്യ ദത്ത, നീൽ ഭൂപാലം എന്നിവരും ചിത്രത്തിലുണ്ട്. ഛത്രപതി സംഭാജി മഹാരാജിന്റെ വേഷമാണ് വിക്കി കൗശല്‍ അവതരിപ്പിക്കുന്നത്. സംഭാജി മഹാരാജിന്റെ ഭാര്യ മഹാറാണി യേശുഭായ് ഭോന്‍സാലെയായിട്ടാണ് രശ്മിക എത്തുന്നത്.
കോർട്ട് – സ്റ്റേറ്റ് വേഴ്സസ് എ നോബഡി: ഏപ്രിൽ 11: നെറ്റ്ഫ്ലിക്സ്
പ്രിയദർശി, ഹർഷ് റോഷൻ, ശ്രീദേവി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി റാം ജഗദീഷ് സംവിധാനം ചെയ്ത് തെലുങ്ക് ചിത്രം. നടൻ നാനി നിർമിച്ച ഈ കോർട്ട് റൂം ഡ്രാമ തെലുങ്കിൽ സൂപ്പർഹിറ്റായിരുന്നു. രാം ജഗദീഷ്, കാർത്തികേയ ശ്രീനിവാസ്, വംശിധർ സിരിഗിരി എന്നിവർ ചേർന്നാണ് ചിത്രത്തിനായി തിരക്കഥ എഴുതിയിരിക്കുന്നത്. ദിനേശ് പുരുഷോത്തമൻ ഛായാഗ്രഹണം നിർവഹിച്ച സിനിമയുടെ സംഗീതം വിജയ് ബൾഗാനിൻ കൈകാര്യം ചെയ്യുന്നു. കാർത്തിക ശ്രീനിവാസ് ആർ ആണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്.
പെരുസ്: ഏപ്രിൽ 11: നെറ്റ്ഫ്ലിക്സ്
നവാഗത സംവിധായകൻ ഇളങ്കോ റാം സംവിധാനം ചെയ്ത അഡൽറ്റ് കോമഡി ചിത്രം. വൈഭവ്, സുനിൽ റെഡ്ഡി, സന്താന ഭാരതി, വിടിവി ഗണേഷ്, ദീപ ശങ്കർ എന്നിവർ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിനു തിയറ്ററുകളിൽ നിന്നും മികച്ച പ്രതികരണം ലഭിച്ചിരുന്നു.