പേരാമ്പ്ര സംഘർഷം: തന്നെ മർദിച്ചത് വടകര കൺട്രോൾ റൂം സിഐ, ഇയാളെ തിരിച്ചറിയാൻ പിണറായിയുടെ എഐ ടൂളിന്റെ ആവശ്യമില്ലെന്ന് ഷാഫി പറമ്പിൽ എം പി

news image
Oct 23, 2025, 6:53 am GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ തന്നെ മർദിച്ചയാളെ തിരിച്ചറിയാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ എഐ ടൂളിന്റെ ആവശ്യമില്ലെന്ന് ഷാഫി പറമ്പിൽ എംപി. അന്നേ ദിവസം തന്നെ മർദിച്ചത് വടകര കൺട്രോൾ റൂം സിഐ അഭിലാഷ് ഡേവിഡ് ആണെന്നും ഷാഫി പറമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു. മാഫിയ ബന്ധത്തിന്റെ പേരിൽ 2023 ജനുവരി 16ന് സസ്പെൻഷനിൽ പോയ പൊലീസ് ഉദ്യോ​ഗസ്ഥനാണ് അഭിലാഷ് ഡേവിഡ്. പിന്നാലെ ഇയാളെ പിരിച്ചു വിട്ടു എന്ന് വാർത്ത വന്നതാണ്. പൊലീസ് സൈറ്റിൽ ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇല്ല. ഇയാൾ ഉൾപ്പെടെ മൂന്നു പേരെ പിരിച്ചു വിട്ട ശേഷം സർവീസിൽ തിരികെ കയറ്റിയതാണ്. വഞ്ചിയൂർ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലെ നിത്യസന്ദർശകനാണ് ഇയാളെന്നും ഷാഫി പറഞ്ഞു.

പേരാമ്പ്രയിൽ ആക്രമണം ഉണ്ടായത് ശബരിമല വിഷയം മാറ്റാനാണ്. ആസൂത്രിതമായ അക്രമമാണ് പൊലീസ് നടത്തിയത്. പൊലീസിന്റെ കൈയിൽ ഇരുന്ന ഗ്രനേഡ് പൊട്ടിയാണ് തനിക്ക് പരിക്കുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്രയിൽ സംഘർഷം ഒഴിവാക്കാനാണ് താൻ ശ്രമിച്ചത്. അതിന്റെ ദൃശ്യങ്ങൾ ഉണ്ട്. ഇത്ര വലിയ മർദനമേറ്റിട്ടും അവിടുന്നു ഓടി ആശുപത്രിയിൽ പോകാഞ്ഞത് പ്രവർത്തകരെ പിരിച്ചു വിടാൻ വേണ്ടിയാണ്. അവിടെ പ്രശ്നങ്ങൾ ഒഴിവാക്കാനാണ് ശ്രമിച്ചത്. മർദിച്ചില്ലെന്ന് പറഞ്ഞ എസ്പിക്ക് പോലും അത് മാറ്റിപ്പറയേണ്ടി വന്നു. എഐ ടൂൾ ഉപയോഗിച്ച് ആളെ തിരിച്ചറിഞ്ഞു നടപടിയെടുക്കും എന്ന് പറഞ്ഞു. എന്നിട്ട് ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല. സിപിഎം ഇടപെടലിനെ തുടർന്നാണ് എസ്പി അന്വേഷണം നിർത്തിയത്. ഇതുവരെ മൊഴി പോലും എടുത്തില്ല. റൂറൽ എസ്പിയുടെ ബൈറ്റ് പുറത്തു വന്ന ശേഷം ഇടപെടൽ ഉണ്ടായി. ഒരു ഉദ്യോഗസ്ഥൻ തന്നെയാണ് രണ്ടു തവണ അടിച്ചത്. മൂന്നാമത് അടിച്ചപ്പോൾ മറ്റൊരു ഉദ്യോഗസ്ഥൻ തടഞ്ഞു. അടിക്കുന്ന സമയത്ത് ഒരു സംഘർഷമോ കല്ലേറോ ഉണ്ടായിട്ടില്ല. പൊലീസിന്റെ കൈയിൽ ഇരുന്ന ഗ്രനേഡ് പൊട്ടിയാണ് പരിക്കുണ്ടായത്. ഗ്രനേഡ് കൈയിൽ വെച്ച് ഒരു കൈയിൽ ലാത്തി കൊണ്ട് ഡിവൈഎസ്പി ഹരിപ്രസാദ് അടിക്കാൻ ശ്രമിച്ചു. ഗ്രനേഡ് പരിശീലനത്തിന് പിന്നാലെ പൊലീസ് പരിശീലനം നൽകാൻ സർക്കുലർ ഇറക്കി. പൊലീസിന് ഗ്രനേഡ് എറിയാൻ അറിയില്ല എന്ന് വ്യക്തമായതോടെയല്ലേ കോഴിക്കോട് റൂറൽ പൊലീസിന് പരിശീലനം നടത്തിയത്. ​ഗ്രനേ‍ഡ് എറിയേണ്ടത് ആൾക്കൂട്ടത്തിന്റെ ഇടയിലേക്കല്ലെന്നും ഷാഫി പറഞ്ഞു.

കൊള്ളയുടെ പങ്കുപറ്റിയ സർക്കാരാണിത്. മന്ത്രിമാർക്ക് ഉൾപ്പെടെ ശബരിമല വിഷയത്തിൽ പങ്കുള്ളതിനാലാണ് ദേവസ്വം ബോർഡ്‌ പിരിച്ചു വിടാത്തത്. അയ്യപ്പന്റെ പൊന്നുരുക്കി ജീവിക്കാൻ തീരുമാനിച്ചവരുടെ കഥകൾ പുറത്തു വരുന്നുണ്ട്. ശബരിമലയിൽ നടന്ന സ്വർണക്കൊള്ള വിശ്വാസികളും അവിശ്വാസികളും ക്ഷമിക്കില്ല. ഇത് മറച്ചു വെക്കാനാണ് പേരാമ്പ്രയിൽ പൊലീസ് ക്രൂരത അരങ്ങേറിയതെന്നും അദ്ദേഹം പറഞ്ഞു. നിയമ പോരാട്ടം തുടരുമെന്നും തെളിവുകൾ പാർലമെന്റ് പ്രിവിലേജ് കമ്മിറ്റിക്ക് കൈമാറുമെന്നും ഷാഫി പറഞ്ഞു. വാർത്താ സമ്മേളനത്തിൽ മുസ്ലിം ലീഗ് നേതാവ് പാറക്കൽ അബ്ദുള്ള, ആർ എം പി സംസ്ഥാന സെക്രട്ടറി എൻ വേണു എന്നിവരും പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe