പേരാമ്പ്രയില്‍ ഭീതി പരത്തിയ കാട്ടാന ഉൾക്കാട്ടിലേക്കു മടങ്ങി; ജനം ആശ്വാസത്തിൽ

news image
Sep 16, 2024, 8:47 am GMT+0000 payyolionline.in

പേരാമ്പ്ര∙  ഭീതി പരത്തിയ കാട്ടാന ഇന്നലെ രാത്രി ഉൾക്കാട്ടിലേക്കു മടങ്ങിയതോടെ ജനം ആശ്വാസത്തിൽ. വീടുകൾക്കിടയിലൂടെയും വാഹനത്തിരക്കുള്ള റോഡിലൂടെയും മോഴയാന നടന്നുനീങ്ങിയതോടെ നാട്ടുകാർ കടുത്ത ആശങ്കയിലായിരുന്നു. മയക്കുവെടി വയ്ക്കുന്നതിനുൾപ്പെടെയുള്ള നടപടിക്രമങ്ങൾ ആലോചിക്കുന്നതിനിടെയാണ് ആന വൈകുന്നേരത്തോടെ വന്ന വഴിയെ തന്നെ തിരിച്ചുപോകാൻ തുടങ്ങിയത്.

ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെ പന്തിരിക്കര ആവടുക്ക ഭാഗത്തും അഞ്ച് മണിയോടെ പേരാമ്പ്ര പൈതോത്ത് പള്ളിത്താഴെ ഭാഗത്തുമാണ് കാട്ടാനയെ കണ്ടത്. പുലർച്ചെ അഞ്ച് മണിയോടെ പ്രഭാത സവാരിക്കിറങ്ങിയവരാണ് പള്ളിത്താഴെ ഭാഗത്ത് ആനയെ കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പെരുവണ്ണാമൂഴിയിൽനിന്ന് വനപാലകരും പേരാമ്പ്ര പൊലീസും സ്ഥലത്തെത്തി. ആളുകൾ ബഹളം വച്ചതിനെ തുടർന്ന് ആന അവിടുന്ന് മറയുകയായിരുന്നു.

പന്തിരിക്കരയിലും പൈതോന്നും എത്തിയ കാട്ടാന പേരാമ്പ്ര മിനി ബൈപ്പാസിനു സമീപമെത്തി. ചാത്തോത്ത് ചാലിൽ കെട്ടിൽ ഭാഗത്ത് ചെറിയ കാട് നിറഞ്ഞ ഭാഗത്ത് നിലയുറപ്പിച്ചു. വനപാലകരും നാട്ടുകാരും ചേർന്ന് കാട്ടാനയെ വന്ന വഴിയെ തന്നെ മടക്കി അയയ്ക്കാനുള്ള ശ്രമത്തിലായിരുന്നു. ഉച്ചതിരിഞ്ഞതോടെ കാട്ടാന മടക്കം തുടങ്ങി.

പെരുവണ്ണാമുഴി ഭാഗത്തുള്ള വനമേഖലയിൽനിന്നാണ് ആന ഇറങ്ങിയതെന്നു കരുതുന്നു. ഇത്രയും ദൂരത്തെത്തിയ ആനയെ എങ്ങനെ തിരിച്ചു കാട്ടിലേക്ക് അയയ്ക്കും എന്ന ആശങ്കയിലായിരുന്നു അധികൃതർ. എന്നാൽ രാത്രിയോടെ കാട്ടാന വനത്തിന്റെ ഉൾഭാഗത്തേക്കു പോയി. വനപാലകർ കാട്ടാനയെ നിരീക്ഷിച്ചുവരികയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe