പേരാമ്പ്രയില്‍ കോണ്‍ഗ്രസ്-പൊലീസ് സംഘര്‍ഷം; ഷാഫി പറമ്പില്‍ എംപിക്ക് പരിക്ക്

news image
Oct 10, 2025, 3:48 pm GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ കോൺഗ്രസ്-പൊലീസ് സംഘര്‍ഷം. പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. ഷാഫി പറമ്പിൽ എംപിക്കും ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാറിനും അടക്കം കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. ഷാഫി പറമ്പിലിന്റെ മൂക്കിനാണ് പരിക്കേറ്റത്. ഡിവൈഎസ്പി ഹരിപ്രസാദിനും പത്തോളം പൊലീസുകാർക്കും പരിക്കേറ്റു. ഡിവൈഎസ്പിയുടെ കൈക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പേരാമ്പ്രയിൽ വൈകിട്ട് അഞ്ച് മണിയോടെ എൽഡിഎഫ് പ്രതിഷേധമുണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് പ്രമോദിനെ മർദ്ദിച്ചെന്നാരോപിച്ചായിരുന്നു പ്രതിഷേധം. ഹർത്താലിന്റെ ഭാഗമായി യുഡിഎഫ് പ്രതിഷേധം ആറ് മണിയോടെ ആരംഭിച്ചു. രണ്ട് വിഭാഗം പ്രവർത്തകരും പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യം ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു. ഇതിനിടെയാണ് ഷാഫി പറമ്പിലിന് പരിക്കേറ്റത്.

‘ഈ മര്‍ദനത്തിനും ചോരയ്ക്കും പിന്നിലെ കാരണം സ്വര്‍ണക്കടത്ത് ഒളിച്ചുവയ്ക്കാനുളള വ്യാമോഹമാണെങ്കില്‍, ഇതിലും വലിയ പരാജയം പേരാമ്പ്രയില്‍ നിങ്ങള്‍ക്കുണ്ടാകുമെന്ന് പറയാന്‍ ആഗ്രഹിക്കുകയാണ്. എന്തിനെക്കൊണ്ട് വാര്‍ത്ത മറച്ചാലും സ്വര്‍ണം കട്ടവരെ ജനങ്ങളുടെ മുന്നില്‍ തുറന്നുകാണിക്കുക തന്നെ ചെയ്യും. ഇനി പൊലീസിനോടാണ്, ശമ്പളം പാര്‍ട്ടി ഓഫീസില്‍ നിന്നല്ല തരുന്നത് എന്ന ഓര്‍മ്മ വേണം. ഇപ്പോള്‍ ചെയ്ത പണിക്കുളള മറുപടി ഞങ്ങള്‍ നല്‍കുന്നതായിരിക്കും’: ഷാഫി പറമ്പില്‍ പറഞ്ഞു.

സംഭവത്തില്‍ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധിക്കാന്‍ നിര്‍ദേശം നല്‍കി. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ആണ് ആഹ്വാനം ചെയ്തത്. നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും. അതേസമയം, സംഭവത്തില്‍ ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കും. എംപിക്ക് സുരക്ഷ നല്‍കുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചതായി കോണ്‍ഗ്രസ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe