ഷാഫി ഇനിയും ഷോ ഇറക്കിയാല്‍ ശക്തമായി പ്രതികരിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. പേരാമ്പ്ര സംഘർഷത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സികെജി കോളേജിൽ കെ എസ് യു തോറ്റതിന് യുഡിഎഫ്, ഹർത്താലിൻ്റെ മറവിൽ പഞ്ചായത്ത് പ്രസിഡൻ്റിനെ മർദ്ദിച്ചു. അപ്പോൾ സ്വാഭാവികമായും പ്രതിഷേധമുണ്ടാകും. ആ പ്രതിഷേധം അലങ്കോലമാക്കാനാണ് ഷാഫിയും സംഘവും ഷോയുമായി വന്നതെന്ന് വി കെ സനോജ് പറഞ്ഞു.
ലീഗും കോൺഗ്രസും ഗുണ്ടാ സംഘങ്ങളായി അക്രമം നടത്തുകയാണ്. ഷാഫിയുടെ കെണിയിൽ വീഴാതിരിക്കാൻ എല്‍ഡിഎഫ് പ്രവർത്തകർ പിരിഞ്ഞു പോയി.
ഇതെല്ലാം ഷാഫിയുടെ ഷോ മാത്രമാണ്. ഷോ കാണിച്ച് യുഡിഎഫ് അകപ്പെട്ട കെണിയിൽ നിന്ന് രക്ഷപ്പെടാമെന്നാണ് ധാരണയെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ കോൺഗ്രസ് ഷാഫിയുടെ ഫാൻസ് അസോസിയേഷനായി മാറി. ഒരു ക്രൈം സിൻഡിക്കേറ്റ് കോൺഗ്രസിൽ ആധിപത്യം സ്ഥാപിച്ചു. സംഘർഷമുണ്ടാക്കി ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്ന് വി കെ സനോജ് മുന്നറിയിപ്പ് നല്കി. ഷോയുമായി വന്നാൽ കനത്ത രീതിയിൽ പ്രതികരിക്കേണ്ടി തന്നെ വരും. പിന്നെയുണ്ടാകുന്ന സംഘർഷത്തിന് ഉത്തരവാദി ഷാഫി പറമ്പിലായിരിക്കും. സതീശൻ കഞ്ഞിക്കുഴി തോറ്റു പോകുന്ന ഷോയാണ് ഷാഫിയുടേത്. ഗുണ്ടാ സംഘത്തിൻ്റെ നേതാവായി ഷാഫി മാറിയെന്നും അദ്ദേഹം പറഞ്ഞു.
പേരാമ്പ്രയിൽ പൊലീസ് ലാത്തിച്ചാർജ് നടത്തിയിട്ടില്ല. ലീഗ് ഗുണ്ട ഉൾപ്പെടെ ഷാഫിയുടെ നേതൃത്വത്തിൽ പോലീസിനെ ആക്രമിച്ചുവെന്ന് വി കെ സനോജ് മാധ്യമങ്ങളോട് പറഞ്ഞു.