പേരാമ്പ്ര: സംസ്ഥാനത്ത് വികസന ജനക്ഷേമ പദ്ധതികള്‍ നല്ല നിലയില്‍ തുടരുമെന്ന് പേരാമ്പ്ര എം.എല്‍.എ ടി.പി.രാമകൃഷ്ണന്. പേരാമ്പ്രയിലെ ചേര്മല കാവ് ടൂറിസം പദ്ധതി ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്രയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലബാര്‍ ബയോളജിക്കല്‍ പാര്‍ക്കിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. അകലാപ്പുഴ ടൂറിസം പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ അഞ്ച് കോടി രൂപ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച ജയമുണ്ടായില്ല. എല്‍.ഡി.എഫിലെ പാര്‍ട്ടികള്‍ നടത്തുന്ന ഗൃഹസന്ദര്‍ശനത്തില്‍ ഇതിനുള്ള കാരണങ്ങള്‍ തേടുന്നുണ്ട്. ആരും ഭരണവിരുദ്ധ വികാരമോ ഭിന്നാഭിപ്രായമോ പ്രകടിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വര്‍ണമോഷണക്കേസില്‍ ശക്തമായ നടപടികളുണ്ടാകും. ഇപ്പോള്‍ നടക്കുന്ന അന്വേഷണം ഹൈക്കോടതിതന്നെ ശരിവച്ചിട്ടുണ്ട്. കേരളം ആര്‍ജിച്ച സമാനതകളില്ലാത്ത വികസനത്തെ യു.ഡി.എഫ് നിരാകരിക്കുകയാണ്.
വോട്ടര്‍ പട്ടിക പരിഷ്കരണം സത്യസന്ധമായല്ല നടക്കുന്നത്. ഇതിനെതിരെ എല്‍ഡിഎഫ് പ്രക്ഷോഭം നടത്തും. സംസ്ഥാന സര്‍ക്കാരിന്റെ സമാനതകളില്ലാത്ത വികസനജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാനാണ് മേഖലാ ജാഥകള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ സെക്രട്ടറിയേറ്റംഗം എസ്.കെ.സജീഷ്, ജില്ലാ കമ്മിറ്റിയംഗം എം.കുഞ്ഞമ്മദ്, എല്‍.ഡി.എഫ് മണ്ഡലം കണ്‍വീനര്‍ പി.കെ.എം.ബാലകൃഷ്ണന് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
