പേരാമ്പ്ര: കോഴിക്കോട് നൊച്ചാട് വാളൂർ കുറുങ്കുടി മീത്തൽ അംബികയുടെ (അനു-26) കൊലപാതകത്തിൽ പ്രതിയെ പിടിക്കാൻ വഴിത്തിരിവായത് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ചെളിവെള്ളം ശ്വാസകോശത്തിൽ കടന്നതാണ് മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കൂടാതെ, അനുവിന്‍റെ തലയിലും ദേഹത്തും ചെറിയ മുറിവുകളുമുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
മുട്ടോളം മാത്രം വെള്ളമുള്ള അള്ളിയോറ താഴെ തോട്ടിൽ യുവതി മുങ്ങി മരിക്കാൻ സാധ്യതയില്ലെന്ന് പൊലീസ് പ്രാഥമികമായി കണ്ടെത്തിയിരുന്നു. അതേപോലെ അനു മുങ്ങി മരിക്കാൻ സാധ്യതയില്ലെന്ന് ബന്ധുക്കളും സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ പ്രദേശത്ത് സംശയകരമായ സാഹചര്യത്തിൽ കണ്ട ബൈക്ക് യാത്രികന്റെ സി.സി.ടി.വി ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.
അതോപോലെ, യുവതി ധരിച്ച സ്വർണാഭരണങ്ങൾ മൃതദേഹത്തിൽ ഉണ്ടായിരുന്നില്ല. രണ്ട് മോതിരം, മാല, ബ്രേസ് ലറ്റ്, പാദസരം എന്നിവയാണ് നഷ്ടമായത്. ഇത് പ്രതി മോഷ്ടാവ് കൂടിയാകാൻ സാധ്യതയുണ്ടെന്ന നിഗമനത്തിൽ അന്വേഷണ സംഘത്തെ എത്തിച്ചു. ആഭരണങ്ങൾ മോഷ്ടിച്ച് യുവതിയെ തോട്ടിൽ മുക്കിക്കൊല്ലുകയായിരുന്നുവെന്നാണ് സൂചന.
ശനിയാഴ്ചയാണ് നൊച്ചാട് വാളൂർ കുറുങ്കുടി മീത്തൽ അംബികയുടെ (അനു-26) മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് മോഷണക്കേസുകളിൽ ഉൾപ്പെടെ പ്രതിയായ മലപ്പുറം കൊണ്ടോട്ടി സ്വദേശിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തിരിച്ചറിയൽ പരേഡ് നടത്തിയ ശേഷം പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിടും.
കഴിഞ്ഞ തിങ്കളാഴ്ച ഇരിങ്ങണ്ണൂരിലെ വീട്ടിൽ നിന്ന് മൊടക്കല്ലൂർ മെഡിക്കൽ കോളജിൽ പോകാൻ അസുഖബാധിതനായ ഭർത്താവും ബന്ധുക്കളും വരുമ്പോൾ ആ വാഹനത്തിൽ മുളിയങ്ങലിൽ നിന്ന് കയറാമെന്നായിരുന്നു അനു പറഞ്ഞിരുന്നത്. ഇതനുസരിച്ച് രാവിലെ 8.30ഓടെ അനു വാളൂരിലെ വീട്ടിൽ നിന്നിറങ്ങി.
എന്നാൽ, ഭർത്താവ് മുളിയങ്ങലിൽ എത്തിയിട്ടും യുവതി എത്താതായതോടെ ഫോണിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. വരുന്ന വഴിയിലെല്ലാം തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ബന്ധുക്കൾ പേരാമ്പ്ര പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് യുവതിയുടെ മൃതദേഹം ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെ അള്ളിയോറ താഴെ തോട്ടിൽ കണ്ടെത്തിയത്. ഫോണും ചെരിപ്പുമെല്ലാം തോടരികിൽ ഉണ്ടായിരുന്നു.
നേരം വൈകിയതു കാരണം മുളിയങ്ങലിലേക്ക് പോകാൻ യുവതി പ്രതിയുടെ ബൈക്കിൽ കയറുകയായിരുന്നുവെന്നാണ് സൂചന. തുടർന്ന് ആഭരണങ്ങൾ കവർന്ന് അനുവിനെ മുക്കിക്കൊന്നിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്.