‘പെൺകുട്ടിയുടെ കയ്യിൽ പിടിച്ചു, മുറി പൂട്ടി; വിഡിയോ നീക്കാൻ 2 ലക്ഷം കൈമാറി’: യെഡിയൂരപ്പ‌യ്ക്കു കുരുക്ക്

news image
Jun 29, 2024, 5:10 am GMT+0000 payyolionline.in

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി പാർലമെന്ററി ബോർഡ് അംഗവുമായ ബി.എസ്.യെഡിയൂരപ്പയ്ക്കെതിരായ പോക്സോ കേസിലെ കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കുട്ടിക്കും അമ്മയ്ക്കും യെഡിയൂരപ്പ പണം നൽകിയെന്നു പൊലീസ് സിഐഡി സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ഫെബ്രുവരി 2ന് ശിവമൊഗ്ഗ ശിക്കാരിപുര സ്വദേശിനിയായ വീട്ടമ്മയ്ക്കൊപ്പം പരാതി പറയാനെത്തിയ 17 വയസ്സുകാരി മകളോടു ലൈംഗികാതിക്രമം നടത്തിയെന്നാണു കേസ്.

സിഐഡി വിഭാഗം കഴിഞ്ഞ ദിവസം 750 പേജുള്ള കുറ്റപത്രമാണു സമർപ്പിച്ചത്. തെളിവു നശിപ്പിക്കാൻ ശ്രമിച്ചതിന് അനുയായികളായ വൈ.എം.അരുൺ, എം.രുദ്രേഷ്, ജി.മാരിസ്വാമി എന്നിവരെ കൂടി കേസിൽ പ്രതിചേർത്തു. 74 സാക്ഷികളാണുള്ളത്. 2015ൽ മകളെ ബന്ധു ലൈംഗികമായി പീഡിപ്പിച്ചതിനെ തുടർന്നുള്ള കേസിൽ വർഷങ്ങളോളം നീതി ലഭിക്കാത്തതിനെ തുടർന്നാണ് ഇരുവരും യെഡിയൂരപ്പയെ സമീപിച്ചത്.

 

നീതി തേടിയെത്തിയ പെൺകുട്ടിയുടെ വലതു കൈത്തണ്ടയിൽ പിടിച്ച യെഡിയൂരപ്പ, ഹാളിനോട് ചേർന്നുള്ള മീറ്റിങ് മുറിയിലേക്കു കൊണ്ടുപോയി, വാതിൽ പൂട്ടി. മുൻപ് പീഡിപ്പിച്ചയാളുടെ മുഖം ഓർമയുണ്ടോയെന്നു മുറിക്കുള്ളിൽവച്ചു പെൺകുട്ടിയോട് ചോദിച്ചു. സംഭവസമയത്ത് ആറര വയസ്സുണ്ടായിരുന്ന പെൺകുട്ടി, അക്കാര്യം ഓർമയുണ്ടെന്നു മറുപടി നൽകി.

 

കൈ തട്ടിമാറ്റിപ്പോൾ പെൺകുട്ടിക്കു കുറച്ചു പണം നൽകിയ ശേഷം വാതിൽ തുറന്നു. മുറിയിൽനിന്ന് പുറത്തിറങ്ങിയപ്പോൾ, പെൺകുട്ടിയുടെ അമ്മയ്ക്കു പണം നൽകുകയും സഹായിക്കാൻ കഴിയില്ലെന്നു പറഞ്ഞെന്നും കുറ്റപത്രത്തിലുണ്ട്. പെൺകുട്ടിയുടെ അമ്മ ഫെബ്രുവരി 20ന് ഫെയ്സ്ബുക്കിൽ വിഡിയോ അപ്‌ലോഡ് ചെയ്തതോടെ സംഭവം കൂടുതൽപേർ അറിഞ്ഞു. തന്റെ സഹായികൾ വഴി യുവതിയെയും മകളെയും യെഡിയൂരപ്പ വീട്ടിലേക്കു വിളിപ്പിച്ചു. ഫെയ്‌സ്ബുക്കിൽനിന്നും ഫോൺ ഗാലറിയിൽനിന്നും വിഡിയോയും ഫോട്ടോകളും ഡിലീറ്റ് ചെയ്യാൻ പരാതിക്കാരിയെ പ്രേരിപ്പിച്ചു. സഹായി മുഖേന പെൺകുട്ടിയുടെ അമ്മയ്ക്കു 2 ലക്ഷം രൂപ കൈമാറിയെന്നും കുറ്റപത്രത്തിൽ പറയുന്നു.

 

അതേസമയം, പോക്സോ കേസിൽ യെഡിയൂരപ്പയെ അറസ്റ്റ് ചെയ്യരുതെന്നു നിർദേശിച്ചുള്ള ഇടക്കാല ഉത്തരവിന്റെ കാലാവധി ഹൈക്കോടതി രണ്ടാഴ്ചത്തേക്കു കൂടി നീട്ടി. യെഡിയൂരപ്പയുടെ പ്രായവും ആരോഗ്യ സ്ഥിതിയും പരിഗണിക്കേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ 14ന് പുറപ്പെടുവിച്ച ഉത്തരവാണു ജസ്റ്റിസ് കൃഷ്ണ എസ്.ദീക്ഷിത് നീട്ടിയത്. കേസിനെ ചോദ്യം ചെയ്തും മുൻകൂർ ജാമ്യം തേടിയുമുള്ള യെഡിയൂരപ്പയുടെ ഹർജിയിലാണിത്. കുറ്റപത്രം സമർപ്പിച്ചതിനാൽ ഹർജി നിലനിൽക്കില്ലെന്നു സിഐഡി വിഭാഗം വാദിച്ചെങ്കിലും തടസ്സവാദം ഉന്നയിക്കാൻ കോടതി നിർദേശിക്കുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe