കൊച്ചി ∙ ബിഹാർ സ്വദേശിയായ 5 വയസ്സുകാരി അതിദാരുണമായി കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെ പെരുമ്പാവൂരിലും ആലുവയിലും ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാംപുകളിൽ എക്സൈസ് റെയ്ഡ്. കുട്ടിയുടെ വീടിന്റെ പരിസരത്തും എക്സൈസ് സംഘം പരിശോധന നടത്തുന്നുണ്ട്. എറണാകുളം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ എക്സൈസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
തൊഴിലാളികളുടെ ക്യാംപുകളിലെ ലഹരി ഉപയോഗം കണ്ടെത്താനാണു പരിശോധന. ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലും സമാനമായ പരിശോധന നടന്നിരുന്നു. പൊലീസും സമാന്തര അന്വേഷണം നടത്തുന്നുണ്ട്. കേസിലെ പ്രതി ബിഹാർ സ്വദേശി അസഫാക് ആലം താമസിച്ച മുറിയടക്കം പരിശോധിച്ചു. എറണാകുളം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണറുടെ നിര്‍ദേശപ്രകാരമാണ് റെയ്ഡ്.
നിരോധിത പുകയില ഉൽപ്പന്നങ്ങളും ലഹരി വസ്തുക്കളും കണ്ടെടുത്തതായി എക്‌സൈസ് അധികൃതര്‍ അറിയിച്ചു. നഗരത്തിലെ ലോഡ്ജുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ബിവറേജസ് ഔട്ട്‌ലെറ്റ് പരിസരം, ഇതര സംസ്ഥാന തൊഴിലാളികള്‍ ധാരാളമായുളള അല്ലപ്ര, കുറ്റിപ്പാടം, മാവിന്‍ചുവട് എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തി. ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടംചേരുന്നതു പൊലീസ് വിലക്കി.
ആലുവ ഒന്നാം ക്ലാസ് മജിസ്ട്രേട്ടിന്റെ വസതിയിൽ ഹാജരാക്കിയ അസഫാക് ആലമിനെ റിമാൻഡ് ചെയ്തു. തിരിച്ചറിയൽ പരേഡ് നടത്താനുള്ളതിനാൽ മുഖം മറച്ചാണു പ്രതിയെ കൊണ്ടുപോയത്. ഇയാളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ ഇന്നു നൽകും. ആലുവ പോക്സോ കോടതിയിൽ പുതിയ എഫ്ഐആർ ഫയൽ ചെയ്യും. അസഫാക്കിന്റെ ബിഹാർ പശ്ചാത്തലവും ആലുവയിൽ എത്തിയ ശേഷമുള്ള വിവരങ്ങളും ശേഖരിക്കുന്നുണ്ട്.