കോഴിക്കോട് : ദേശീയപാത 66 ൽ പെരുമാൾപുരത്ത് കോൺക്രീറ്റ് സ്ലാബ് പൊട്ടിയത് അറിയാതെ ഓവുചാലിലേക്ക് വീണയാൾക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ കരാർ കമ്പനിക്കെതിരെ കേസെടുത്ത് പയ്യോളി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതായി കോഴിക്കോട് ജില്ലാ പോലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റെ ഇടപെടലിനെ തുടർന്ന് കോഴിക്കോട് ജില്ലാ പോലീസ് മേധാവി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
വാഗഡ് (WAGAD) ഇൻഫ്രാ പ്രോജക്റ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കെതിരെയാണ് പോലീസ് കേസെടുത്തത്. കൊല്ലം ശൂരനാട് നോർത്ത് പുളിക്കുളത്തിൽ ഗോപാലകൃഷ്ണൻ നായർ സമർപ്പിച്ച പരാതിയിലാണ് നടപടി. 2024 ഓഗസ്റ്റ് 24 ന് രാത്രി പെരുമാൾപുരത്ത് ബസിറങ്ങി റോഡരികിലെ സ്ലാബിന്മുകളിലൂടെ നടന്നു പോകുമ്പോഴാണ് ഗോപാലകൃഷ്ണൻ നായർ ഓടയിൽ വീണ് കാലിന്റെ എല്ല് പൊട്ടിയത്. തകർന്ന നടപ്പാതകൾ കാരണമുള്ള അപകടം തടയുന്നതിനും നടപ്പാത തകർന്ന വിവരം യഥാസമയം പൊതുജനങ്ങളെ അറിയിക്കുന്നതിനും ചുമതലപ്പെട്ട അഴിയൂർ മുതലുള്ള കരാർ ഏറ്റെടുത്തിരിക്കുന്ന കമ്പനിക്കെതിരെ കോടതിയിൽ കുറ്റപത്രം നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. കേസിൽ വിചാരണ ആരംഭിച്ചു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ നടപടി സ്വീകരിക്കാൻ കഴിയാത്തതിനാൽ കമ്മീഷൻ കേസ് തീർപ്പാക്കി.