പെരുമാൾപുരത്തെ ഗൃഹനാഥന്റെ മരണത്തിൽ പോലീസ് കേസെടുത്തു; ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി

news image
Oct 9, 2023, 9:55 am GMT+0000 payyolionline.in

പയ്യോളി: ഗൃഹനാഥനെ വീട്ടനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.ഇന്ന് രാവിലെ 9:30 യോടാണ് പെരുമാൾപുരം പുലി റോഡിന് സമീപം വടക്കേ മുല്ല മുറ്റത്ത് നാരായണ നിവാസിൽ രാമചന്ദ്രൻ (59) നെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടിനകത്തുനിന്നുള്ള ദുർഗന്ധത്തെ തുടർന്ന് പരിസരവാസികൾ നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ഭാര്യയും മകനും വിദേശത്താണ്. ഒരു വർഷം മുമ്പ് അമ്മ മരിച്ചതിനു ശേഷം ഇദ്ദേഹം ഒറ്റയ്ക്കായിരുന്നു വീട്ടിൽ താമസിച്ചത്.അയൽവാസികളും നാട്ടുകാരും ഇദ്ദേഹത്തെ അവസാനമായി കണ്ടത് നാല് ദിവസം മുൻപാണ് എന്ന് പറയുന്നു.

 

വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മരിച്ച ആളുമായി ബന്ധപ്പെട്ട മുഴുവൻ പേരുടെയും വിവരങ്ങൾ പോലീസ് ശേഖരിക്കുന്നുണ്ട്. വീട്ടിനകത്തുള്ള ലൈറ്റും ഫാനും പ്രവർത്തിക്കുന്ന നിലയിലായിരുന്നു ഉള്ളത്. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത്, തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്, വാർഡ് മെമ്പർമാരായ സിനിജ, ആർ വിശ്വൻ, ബിനു കരോളി എന്നിവർ സ്ഥലത്തെത്തിയിരുന്നു.

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പയ്യോളി പോലീസ് കേസ് റെജിസ്റ്റര്‍ ചെയ്തു. വടകര റൂറൽ ജില്ലാ പോലീസ് മേധാവി എ കറുപ്പസ്വാമി ഐപിഎസ്, ഡിവൈഎസ്പി ആർ ഹരിപ്രസാദ്, സി ഐ കെ സി സുഭാഷ് ബാബു, എസ് ഐ ജ്യോതി ബസ്സു എന്നിവർ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. അതേസമയം മൃതദേഹ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് വടകര ഡിവൈഎസ് പി ആര്‍ ഹരിപ്രസാദ് പയ്യോളി ഓണ്‍ലൈന്‍നോട് പറഞ്ഞു.

 

 

 

 

 

 

 

 

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe