പയ്യോളി: ദേശീയപാതാ ആറുവരിയാക്കല്‍ പ്രവര്‍ത്തിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന കള്‍വെര്‍ട്ട് വാഹനങ്ങള്‍ക്ക് ഭീഷണിയാകുന്നതായി പരാതി. പെരുമാള്‍പുരത്ത് പയ്യോളി ഹൈസ്കൂള്‍ ഗ്രൌണ്ടിന് പടിഞ്ഞാറു ഭാഗത്തായാണ് കള്‍വെര്‍ട്ട് നിര്‍മ്മിക്കുന്നത്. ഇവിടെ നിലവിലെ റോഡിന്റെ അടിഭാഗം തുരന്നാണ് നിര്‍മ്മാണം. ഭാരം കൂടിയ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ മണ്ണ് ഇടിഞ്ഞ് വാഹനം മാറിയാന്‍ സാധ്യതയുണ്ട്. ഇക്കാര്യം കരാര്‍ കമ്പനിയായ വഗാഡിന്റെ ജീവനക്കാരോടു പറഞ്ഞെങ്കിലും ഗൌനിക്കുന്നില്ലെന്ന് റെസിഡെന്‍റ് അസോസിയേഷന്‍ ഭാരവാഹിയായ രൂപേഷ് തിക്കോടി പറയുന്നു. മഴക്കാലത്തെ വെള്ളക്കെട്ട് ഒഴിവാക്കാനാണ് പടിഞ്ഞാറു ഭാഗത്തേക്ക് വെള്ളം ഒഴുക്കിവിടാന്‍ കള്‍വെര്‍ട്ട് നിര്‍മ്മിക്കുന്നത്. ജില്ലാ കളക്ടര്‍ ഇടപെട്ടാണ് വെള്ളക്കെട്ടിന് പരിഹാരം കാണുന്നത്.