കോഴിക്കോട്: പെരുന്നാളിനുടുക്കാൻ ഇതാ നല്ല കോഡ് സെറ്റേയ്… ക്രോപ്പ് ടോപ്പേയ്… ചുരിദാർ സെറ്റേയ്… എല്ലാരും വന്നോളീ… വൈകുന്നേരമായപ്പോഴേക്കും മിഠായിത്തെരുവിൽ വസ്ത്രവ്യാപാരം പൊടിപൊടിക്കുകയാണ്. പെരുന്നാൾ അടുത്തത്തോടെ ആളും ആരവവുമായി നാടും നഗരവുമെല്ലാം ഉണർന്നുകഴിഞ്ഞു.
അവധിക്കാലം ആഘോഷിക്കാനും ചെറിയപെരുന്നാൾ ഷോപ്പിങ്ങിനുമൊക്കെയായി കുടുംബം ഒരുമിച്ചാണ് നഗരത്തിലെത്തുന്നത്. പുത്തൻ വസ്ത്രങ്ങളെടുക്കാൻ കൂട്ടുകാരുമായി വരുന്നവരുമുണ്ട്. കടകളിൽനിന്ന് പുറത്തിറങ്ങുന്നവരുടെ മുഖത്ത് ഇഷ്ടപ്പെട്ട വസ്ത്രങ്ങളും മറ്റ് അവശ്യവസ്തുക്കളുമെല്ലാം കിട്ടിയതിന്റെ സന്തോഷം.
എല്ലാവർഷവുംപോലെ ഇപ്രാവശ്യവും വസ്ത്രവിപണിയിലാണ് തിരക്ക് കൂടുതൽ. എങ്കിലും പുത്തൻ ചെരുപ്പും ഷൂസും ആഭരണങ്ങളുമെല്ലാം വാങ്ങാനും ആളുകളുടെ തിരക്ക് പതിവിലും അല്പം കൂടുതലാണ്. പുതുവസ്ത്രം അണിഞ്ഞുകഴിഞ്ഞാൽ അത്തറും സ്പ്രേയും ഒഴിവാക്കാനാവില്ലല്ലോ… അതുകൊണ്ടുതന്നെ റോഡരികിലും മറ്റും ഇരുന്ന് സുഗന്ധദ്രവ്യങ്ങൾ വിൽക്കുന്നവരുടെ മുൻപിലും ആൾകൂട്ടത്തിന് ഒട്ടുംകുറവില്ല.
ത്രഡ് വർക്കുകളുള്ള ക്രോപ് ടോപ്പുകളും പാകിസ്താനി പ്രിൻ്റുള്ള ചുരിദാർ സെറ്റുകളും ഫെൻ്റി ടൈപ്പിലുള്ള ചുരിദാറുകളും കാർഗോ പാന്റുകളും ടീഷർട്ടുകളുമെല്ലാം ചെറുപ്പക്കാരെയും കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്നുണ്ട്. പെരുന്നാൾ പ്രമാണിച്ച് പാർട്ടിവെയർ വസ്ത്രങ്ങളെടുക്കാനും കടകളിൽ ആളുകളുടെ തിരക്കാണ്.
നോമ്പെല്ലാം തുറന്ന് രാത്രികാല ഷോപ്പിങ്ങിനിറങ്ങുന്നവരാണ് ഇപ്പോൾ കൂടുതൽ. അതുകൊണ്ട് എട്ടുകഴിഞ്ഞാലാണ് ആളുകളുടെ തിരക്ക് കൂടുതൽ ഉണ്ടാവുന്നതെന്നാണ് കച്ചവടക്കാരനായ എൻ.പി. നൗജാസ് പറയുന്നത്. മിക്ക കടകളും പാതിരാത്രി വരെയും തുറന്നുപ്രവർത്തിക്കുന്നുമുണ്ട്.