കൊച്ചി: പെരിയയിൽ കോൺഗ്രസ് പ്രവർത്തകരായ രണ്ട് യുവാക്കളെ വെട്ടിക്കൊന്ന കേസിൽ ശിക്ഷിക്കപ്പെട്ട സി.പി.എം നേതാക്കള്‍ നല്‍കിയ അപ്പീല്‍ ഹൈകോടതി ഇന്ന് പരിഗണിക്കും. മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍ അടക്കം നാല് പ്രതികളാണ് സി.ബി.ഐ കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
14–ാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.മണികണ്‌ഠൻ, 20–ാം പ്രതി ഉദുമ മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമൻ, 21–ാം പ്രതി രാഘവൻ വെളുത്തോളി, 22–ാം പ്രതി കെ.വി.ഭാസ്കരൻ എന്നിവരാണ് ഹൈകോടതിയില്‍ അപ്പീൽ നൽകിയത്. ഇവർക്ക് ഹൈകോടതി അഞ്ച് വർഷം തടവും 10,000 രൂപ വീതം പിഴയും വിധിച്ചിരുന്നു. ശിക്ഷ വിധി റദ്ദാക്കണമെന്നാണ് അപ്പീലിലെ ആവശ്യം. കുറ്റകൃത്യം നടത്തിയ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ നിന്നും മോചിപ്പിച്ചതാണ് ഇവര്‍ക്കെതിരായ കേസ്.
പെരിയ ഇരട്ടക്കൊല കേസില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒന്നു മുതല്‍ എട്ട് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. ഗൂഢാലോചനയില്‍ പങ്കെടുത്ത 10, 15 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തവും 10 പ്രതികൾക്ക് രണ്ടു ലക്ഷം രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്.
2019 ഫെബ്രുവരി 17ന് രാത്രി 7.45നാണ് കാസര്‍കോട് പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത്ത് ലാൽ (24) എന്നിവരെ സി.പി.എം പ്രവർത്തകരടക്കമുള്ള പ്രതികൾ കൊലപ്പെടുത്തിയത്. പെരുങ്കളിയാട്ടത്തിന്‍റെ സംഘാടകസമിതി യോഗത്തിനുശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ജീപ്പിലെത്തിയ സംഘം ബൈക്ക് ഇടിച്ചു തെറിപ്പിച്ചശേഷം ഇരുവരെയും വെട്ടുകയായിരുന്നു. ആദ്യം ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് സി.ബി.ഐ ഏറ്റെടുത്തത്. 24 പ്രതികളിൽ 10 പേരെ തെളിവുകളുടെ അഭാവത്തിൽ ഡിസംബർ 28ന് കോടതി വെറുതെ വിട്ടിരുന്നു.