ഇന്ത്യയിൽ 2022 ഏപ്രില്‍ മുതല്‍ ഇന്ധനവില കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്. വിലനിർണ്ണയത്തിൽ സമഗ്രമായ അവലോകനം നടക്കുന്നതോടെ അഞ്ച് രൂപ മുതല്‍ പത്ത് രൂപ വരെ ലിറ്ററിന് കുറവ് വരുത്താവുന്ന സാഹചര്യം നിലനിൽക്കുന്നു എന്നാണ് കണക്കാക്കുന്നത്. തെരഞ്ഞെടുപ്പിന് അടുപ്പിച്ച് ഇളവ് ഒരുമിച്ച് പ്രഖ്യാപിക്കുക എന്ന തന്ത്രമാവും പ്രയോഗിക്കുക. രാജ്യത്ത് എല്ലാ മേഖലകളിലും വർധിച്ചു വരുന്ന വിലക്കയറ്റം ചർച്ചയാവുന്ന സാഹചര്യം നേരിടുമ്പോൾ ജനരോഷം പിടിച്ചു നിർത്തേണ്ടി വരും.
അസംസ്‌കൃത എണ്ണയുടെ വിലയില്‍ കുറവുണ്ടാകുകയും എണ്ണ കമ്പനികളുടെ ലാഭം കുതിച്ചുയരുകയും ചെയ്ത സാഹചര്യത്തിൽ ഇന്ധന വില കുറയ്ക്കുന്നത് പരിഗണിക്കേണ്ടി വരുമെന്ന് കമ്പനി-സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
മൂന്ന് പൊതുമേഖല എണ്ണ കമ്പനികളും കഴിഞ്ഞ രണ്ട് പാദങ്ങളിലും ഗണ്യമായ ലാഭം നേടിയിട്ടുണ്ട്. മൂന്നാംപാദത്തിലും ഇത് തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിന്ദുസ്ഥാൻ പെട്രോളിയം ജനുവരി 27ാം തീയതി മൂന്നാംപാദ ലാഭഫലം പ്രഖ്യാപിച്ചേക്കും. ഇന്ത്യൻ ഓയിൽ കോർപറേഷനും ഭാരത് പെട്രോളിയവും ഇതേസമയത്ത് തന്നെ ലാഭഫലം പ്രഖ്യാപിക്കയും ചെയ്താൽ വിലക്കുറവ് വരുത്താതെ സർക്കാരിനും ഇനിയും ന്യായീകരണം തുടരാനാവില്ല.
രാജ്യത്തെ മൂന്ന് എണ്ണ കമ്പനികളുടെ പ്രൊമോട്ടർ കേന്ദ്ര സര്‍ക്കാരാണ്. 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ മൂന്ന് എണ്ണ കമ്പനികളുടെയും സംയോജിത അറ്റാദായം 57,091.87 കോടി രൂപയാണ്.