പെട്രോള്‍ പമ്പിലെ ശൗചാലയം എല്ലാവര്‍ക്കും തുറന്നുകൊടുക്കണം; ഇടക്കാല ഉത്തരവ് തിരുത്തി ഹൈക്കോടതി

news image
Aug 13, 2025, 3:14 pm GMT+0000 payyolionline.in

കൊച്ചി: പെട്രോള്‍ പമ്പുകളിലെ ശൗചാലയം ഉപഭോക്താക്കള്‍ക്ക് മാത്രം ഉപയോഗിക്കാനുള്ളതാണെന്ന ഇടക്കാല ഉത്തരവ് തിരുത്തി കേരള ഹൈക്കോടതി. ദേശീയ പാതയ്ക്ക് സമീപത്തുള്ളതടക്കം എല്ലാ പെട്രോള്‍ പമ്പുകളും 24 മണിക്കൂറും പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കണമെന്ന് പുതുക്കിയ ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാനത്തുടനീളമുള്ള റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ എല്ലാ ഉപഭോക്താക്കള്‍ക്കും യാത്രക്കാര്‍ക്കും സമാനമായ പ്രവേശനം നല്‍കണമെന്നും കോടതി ചൂണ്ടിക്കാട്ടി. സുരക്ഷാ പ്രോട്ടോക്കോള്‍ പരിഗണനകള്‍ക്ക് വിധേയമായി, ശൗചാലയം ഉപയോഗിക്കാന്‍ ആവശ്യപ്പെടുന്ന ഏതൊരു വ്യക്തിക്കും പ്രവേശനം അനുവദിക്കണം. സുരക്ഷാപരമായ ആശങ്കകള്‍ നിലനില്‍ക്കുമ്പോള്‍ മാത്രമേ പ്രവേശനം നിയന്ത്രിക്കാന്‍ പാടുള്ളൂവെന്നും കോടതി വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പമ്പുകളിലെ ടോയ്ലറ്റുകള്‍ പൊതു ടോയ്ലറ്റുകളാക്കി മാറ്റാനുള്ള ശ്രമങ്ങളെ ചോദ്യം ചെയ്ത് പെട്രോളിയം ട്രേഡേഴ്സ് വെല്‍ഫെയര്‍ ആന്‍ഡ് ലീഗല്‍ സര്‍വീസ് സൊസൈറ്റിയും അഞ്ച് പെട്രോളിയം റീട്ടെയിലര്‍മാരും സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലാണ് ജസ്റ്റിസ് സി.എസ്. ഡയസ് ഇന്ന് ഉത്തരവ് ഭേദഗതി ചെയ്തത്.

റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം 2020ല്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് കോടതി ഉത്തരവ് ഭേദഗതി ചെയ്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe