പയ്യോളി: ” പൂവിളി 2025 ” സർഗാലയയിൽ വിപുലമായ ഓണാഘോഷം വൈവിധ്യമേറിയ പരിപാടികളോടെ ആഗസ്ത് 29 മുതൽ സപ്തംബർ 7 വരെ സംഘടിപ്പിക്കുന്നു. ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങളിൽ നിന്നും കൈത്തറി വിദഗ്ദ്ധർ ഒരുക്കുന്ന പ്രീമിയം ഹാൻഡ്‌ലൂം എക്സ്പോ, നാലു സംസ്ഥാനങ്ങളിലെ കരകൗശല വിദഗ്ദ്ധർ ഒരുക്കുന്ന ഹാന്റി ക്രാഫ്ട്സ് എക്സ്പോ, കേരളീയ ഭക്ഷ്യ മേള, കലാവിരുന്ന്, ഓണം തീം സെൽഫി പോയിന്റുകൾ, കരകൗശല വിദഗ്ദ്ധർ തയ്യാറാക്കിയ പ്രത്യേക ചുണ്ടൻ വള്ളം മാതൃക, പുഷപാലങ്കാരങ്ങൾ, പൂക്കളങ്ങൾ, ഓണവും കേരളവും എന്ന വിഷയത്തെ ആസ്പദമാക്കി വിവിധ വിഭാഗം വിദ്യാർത്‌ഥികൾക്കായി ചിത്ര രചന മത്സരം, കൂടാതെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും കൂട്ടായ്മകൾക്കുമായി ഓണാഘോഷപരിപാടികൾ സംഘടിപ്പിക്കാനുള്ള പാക്കേജുകൾ, ജല വിനോദങ്ങൾ, നേരത്തെയുള്ള ബുക്കിങ്ങോടെ ഓണ സദ്യ എന്നിവ ഒരുക്കിയിട്ടുണ്ട്. സർഗാലയയിൽ ആദ്യമായാണ് വളരെ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.
കൂടാതെ സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലയിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി – മാവേലികസിന്റെ ഭാഗമായി 2025 സെപ്തംബർ 1 മുതൽ 7 വരെ പ്രശസ്ത കലാകാരർ ഒരുക്കുന്ന മികച്ച കലാപരിപാടികൾ സർഗാലയയിലെത്തും. സപ്തംബർ 01 ന് രാജലക്ഷ്മി, സുധീപ്, സപ്തംബർ 02. ന് വിനീത് ശ്രീനിവാസൻ, സപ്തംബർ 03 ന് ബിജിബാൽ, സപ്തംബർ 04 ന് ഷഹബാസ് അമൻ, സപ്തംബർ 05 ന് ഊരാളി, സപ്തംബർ 06 ന് ജാസി ഗിഫ്റ്റ്, സപ്തംബർ 07 ന് കണ്ണൂർ ഷെരീഫ്, ഷാഫി കൊല്ലം എന്നിവർ കലാവിരുന്നുകൾ ഒരുക്കും. പ്രീമിയം ഹാൻഡ്‌ലൂം എക്സ്പോയുടെ ഭാഗമായി ഉന്നത ഗുണനിലവാരമുള്ള സിൽക്ക് സാരികൾ, സ്യുട്ട്, എംബ്രോയിഡറി, ഷാളുകൾ, ഹാൻഡ്‌ലൂം ഫർണിഷിങ്, ഡ്രസ്സ് മെറ്റീരിയലുകൾ പ്രീമിയം ഹാൻഡ്‌ലൂം എക്‌സ്‌പോയിലുണ്ടാവും
സർഗാലയയുടെ ഓണാഘോഷ പരിപാടിയായ പൂവിളി – 2025നോടനുബന്ധിച്ച് വൈകുന്നേരങ്ങളിൽ കലാസ്വാദകർക്കും സന്ദർശകർക്കും വേണ്ടി വിവിധ കലാസാംസ്കാരികപരിപാടികൾ അരങ്ങേറുന്നതാണ്. ആഗസ്ത് 29 ന് വെള്ളി- നാദതരംഗിണി പഞ്ചവാദ്യ സംഘം, വടകര അവതരിപ്പിക്കുന്ന പഞ്ചവാദ്യം.
ആഗസ്ത് 30 ന് ശനി – 5.30ന് കാഞ്ഞിലശ്ശേരി വിനോദ് മാരാരും കാഞ്ഞിലശ്ശേരി വിഷ്ണു പ്രസാദും സംഘവും അവതരിപ്പിക്കുന്ന ഇരട്ട തായമ്പക ആഗസ്ത് 30 ന്, ശനി – 6.30ന് കാവ്യയാത്ര – ഇന്ദുലേഖ വാരിയർ, പി.കെ.കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തിൽ കാവ്യാധിഷ്ഠിത സംഗീത പരിപാടി. ആഗസ്ത് 31 ന് ഞായർ – 6.30ന് ഇല്യൂമിനേറ്റ് ബാൻഡ്, കോഴിക്കോട് അവതരിപ്പിക്കുന്ന സംഗീത സായാഹ്നം.
യു.എൽ.സി.സി.എസ് ഡയറക്ടർ ഷിജിൻ.ടി.ടി, സർഗാലയ സീനിയർ ജനറൽ മാനേജർ രാജേഷ്.ടി.കെ, ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് മാനേജർ നിപിൻ.എസ്, മാനേജർ ഓപ്പറേഷൻസ് അശ്വിൻ.ആർ, മാനേജർ ക്രാഫ്ട്സ് ആൻഡ് ഡിസൈൻ ശിവദാസൻ.കെ.കെ, മാനേജർ എഫ് ആൻഡ് ബി സൂരജ്.സി, മാനേജർ പോഗ്രാം ആൻഡ് ഇവെന്റ്സ് ഷാനു മുനമ്പത്ത് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.