മയക്കുമരുന്ന് എത്തിച്ചവർ പിടിക്കപ്പെടുമെന്ന് ഭയന്ന് ഇവ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാവുന്നതെന്ന് കച്ച് ഈസ്റ്റ് ഡിവിഷൻ പൊലീസ് സൂപ്രണ്ട് സാഗർ ബാഗ്മർ പറഞ്ഞു. ഇതേ സ്ഥലത്തു നിന്ന് എട്ട് മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ വലിയ മയക്കുമരുന്ന് വേട്ടയാണിതെന്നും പൊലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. തീവ്രവാദ വിരുദ്ധ സ്‍ക്വാഡും സ്‍പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും ചേർന്നാണ് 13 പാക്കറ്റുകളിൽ നിറച്ചിരുന്ന കൊക്കൈൻ കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു. 130 കോടി രൂപയാണ് ഇതിന്റെ വിപണി മൂല്യം.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇതേ സ്ഥലത്തു നിന്ന് പൊലീസ് കണ്ടെത്തിയ മയക്കുമരുന്ന് പാക്കറ്റുകൾക്ക് സമാനമായിരുന്നു ഇന്ന് കണ്ടെത്തിയതെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു. കണ്ടെടുത്ത 13 പാക്കറ്റുകൾക്ക് ഓരോന്നിനും ഒരു കിലോഗ്രാം വീതം തൂക്കമുണ്ടായിരുന്നു. സംഭവത്തിൽ അജ്ഞാതരായ വ്യക്തികളെ പ്രതികളാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് തീവ്രവാദ വിരുദ്ധ സ്‍ക്വാഡ് എസ്.പി സുനിൽ ജോഷി പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബറിൽ കച്ച് ഈസ്റ്റ് പൊലീസ് നടത്തിയ പരിശോധനയിൽ ഇതേ സ്ഥലത്തു നിന്ന് 80 പാക്കറ്റുകളാണ് കണ്ടെത്തിയത്. ഇവയിൽ ഓരോന്നിലും ഓരോ കിലോഗ്രാം കൊക്കൈനായിരുന്നു ഉണ്ടായിരുന്നത്. അന്താരാഷ്ട്ര വിപണിയിൽ 800 കോടി വിലവരുന്നതായിരുന്നു ഇത്.