പുറത്ത് കളിക്കുന്ന കുട്ടികളെ റാഞ്ചും, നിറത്തിനനുസരിച്ച് വില; ഗർഭിണികളെയും നോട്ടമിടും; വൻസംഘം പിടിയിൽ

news image
Aug 12, 2025, 2:13 pm GMT+0000 payyolionline.in

ഗാസിയാബാദ്: മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന തന്റെ ഒരു വയസ്സായ മകനെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കിയതായിരുന്നു റാഷിദ്. തിരോധാനക്കേസ് അന്വേഷിച്ച് പോലീസെത്തിയതാവട്ടെ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ഒരു വന്‍ ശൃംഖലയിലേക്ക്.

ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. പലയിടങ്ങളില്‍നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയി, കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാര്‍ക്ക് വന്‍ വിലയ്ക്ക് വില്‍ക്കലാണ് സംഘത്തിന്റെ രീതി. മാര്യേജ് ബ്യൂറോയുടെ മറവില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ തട്ടിപ്പിലുണ്ട്.

ഉത്തര്‍പ്രദേശിലാണ് സംഭവം. റാഷിദിന്റെ പരാതിയന്വേഷിച്ച പോലീസ്, നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന്, കുട്ടിയുമായി പോവുന്ന ഒരാളെ സംശയാസ്പദമായ നിലയില്‍ കണ്ടെത്തുന്നു. ഈ അന്വേഷണം അവരെ ഗാസിയാബാദിനടുത്തുള്ള ലോണി നഗരത്തിലെ ഒരു വീട്ടിലാണെത്തിച്ചത്. കുട്ടിയെ അവിടെനിന്ന് രക്ഷപ്പെടുത്തുകയായിരുന്നു ആദ്യം സംഘം ചെയ്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ണുതള്ളുന്ന പിന്നാമ്പുറക്കഥകള്‍ പോലീസിന് ലഭിക്കുന്നത്.

റാഷിദിന്റെ കുഞ്ഞിനെ മൊറാദാബാദില്‍നിന്നുള്ള ദമ്പതിമാര്‍ക്ക് രണ്ടര ലക്ഷം രൂപയ്ക്ക് വില്‍ക്കാന്‍ ഇതിനകം കരാറായിരുന്നു. എന്നാല്‍, അവര്‍ പിന്നീട് അതില്‍നിന്ന് പിന്മാറി. അതോടെ അമ്രോഹയില്‍നിന്നുള്ള ദമ്പതിമാര്‍ ഒന്നര ലക്ഷം രൂപ നല്‍കാമെന്ന വ്യവസ്ഥയില്‍ കരാറുറപ്പിച്ചു. അവരെയും കാത്ത് ലോണിയിലെ ആ വീട്ടില്‍ കുട്ടിയുമായി ഇരിക്കവെയാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ പോലീസ് പിടിയിലാകുന്നത്. മാംസകച്ചവടക്കാരനായ അഫ്‌സാര്‍, സ്വാതി എന്ന ശൈസ്ത, സന്ധ്യ ചൗഹാന്‍, കൂലിപ്പണിക്കാരനായ നവേദ് എന്നീ നാലുപേരെയാണ് അറസ്റ്റുചെയ്തത്. സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്ന പത്തൊന്‍പതുകാരന്‍ നവേദിന് കമ്മിഷന്‍ നല്‍കാമെന്നു പറഞ്ഞ് അഫ്‌സാര്‍ കുട്ടിയെ തട്ടിക്കൊണ്ടുവരാന്‍ നിര്‍ദേശിക്കുകയായിരുന്നെന്നാണ് വിവരം.

തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഒരു നഴ്‌സ്, ആശാ വര്‍ക്കര്‍, മേര്യേജ് ബ്യൂറോ നടത്തിയിരുന്ന മറ്റു രണ്ട് സ്ത്രീകള്‍ എന്നിവരെയും പിടികൂടി. കുട്ടികളെ തട്ടിക്കൊണ്ടുപോയി ദമ്പതിമാര്‍ക്ക് പലതവണ വില്‍പ്പന നടത്തിയവരാണിവര്‍. ഒന്നര ലക്ഷം രൂപ മുതല്‍ അഞ്ചുലക്ഷം രൂപവരെയാണ് ഒരു കുട്ടിക്ക് ഈടാക്കുന്നത്. കുട്ടിയുടെ ലിംഗം, നിറം എന്നിവയെല്ലാം പരിഗണിച്ചാണ് വിലയിടുന്നത്. ഡല്‍ഹി, മൊറാദാബാദ്, റൂര്‍ക്കി, അമ്രോഹ, ജമ്മുകശ്മീര്‍ തുടങ്ങി ഇന്ത്യ കടന്ന് നേപ്പാള്‍ വരെയും ഈ റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം.

വീടുകള്‍ക്ക് പുറത്ത് കളിക്കുന്ന കുട്ടികളുടെ ചിത്രങ്ങളെടുത്ത് ബന്ധപ്പെട്ട വാട്‌സാപ്പ് വഴി ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കും. തുടര്‍ന്ന് താല്‍പ്പര്യമുള്ള ദമ്പതിമാര്‍ ഇവരെ സമീപിക്കുകയാണ് പതിവ്. വിലയുറപ്പിച്ച ശേഷം കൈമാറും. മൊറാദാബാദില്‍ വിവാഹ ബ്യൂറോ നടത്തിവരികയായിരുന്നു പ്രതിയായ ഷൈസ്ത (35). സന്ധ്യ മുസാഫര്‍ നഗറിലും വിവാഹ ബ്യൂറോ നടത്തിവരികയായിരുന്നു. മൊറാദാബാദില്‍നിന്നുള്ള നഴ്‌സ് രഞ്ജന, ആശാ വര്‍ക്കര്‍ ദീപക് സിങ് എന്നിവരും ഈ ശൃംഖലയിലുണ്ട്.

കുഞ്ഞുങ്ങളെ ആഗ്രഹിക്കാതെ ഗര്‍ഭിണിയായവര്‍, സാമ്പത്തികമായി ദുര്‍ബലമായ പശ്ചാത്തലത്തിലുള്ളവര്‍ എന്നിങ്ങനെയുള്ളവരെ പ്രതികള്‍ മനസ്സിലാക്കിവെച്ച് അവരുടെ കുഞ്ഞുങ്ങളെ ലക്ഷ്യമിട്ടാണ് തട്ടിപ്പ്. രണ്ടുവര്‍ഷത്തിലേറെയായി ഈ സംഘം പ്രവര്‍ത്തിച്ചുവരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe