പയ്യോളി: പുറക്കാട് സൗത്ത് എൽ.പി. സ്കൂളിന്റെ 119-ാം വാർഷികാഘോഷം ‘കിരണം 2K26’ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മേലടി എ.ഇ.ഒ. പി. ഹസീസ് മാസ്റ്റർ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ബിജോയ് പി.ടി. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രശസ്ത ചിത്രകാരൻ അഭിലാഷ് തിരുവോത്ത് മുഖ്യാതിഥിയായിരുന്നു.
ചടങ്ങിൽ സാമൂഹിക-സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായ മനയിൽ നാരായണൻ മാസ്റ്റർ, എം.കെ. നായർ, ഫോക് ലോർ അവാർഡ് ജേതാവ് ബഷീർ പുറക്കാട് എന്നിവരെ ആദരിച്ചു. വിവിധ മേഖലകളിൽ മികവ് പുലർത്തിയ പ്രതിഭകളെ ചടങ്ങിൽ അനുമോദിക്കുകയും മെമെന്റോ നൽകുകയും ചെയ്തു. പ്രീ-പ്രൈമറി ജെയ്ഡൻ സ്കോളർഷിപ്പ് വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു.
എസ്.എസ്.ജി. കൺവീനർ കോരച്ചംകണ്ടി ശ്രീധരൻ, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ശാകിർ പി.കെ., മാനേജ്മെന്റ് കമ്മിറ്റി അംഗം വി.പി. രാമചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ആർ. സുഷമ ടീച്ചർ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഉണ്ണി ആയടത്തിൽ നന്ദിയും പറഞ്ഞു.വാർഷികാഘോഷത്തിന്റെ ഭാഗമായി പൂർവ്വവിദ്യാർത്ഥി ദേവദത്ത് ഒരുക്കിയ ചിത്രപ്രദർശനം ഏറെ ശ്രദ്ധിക്കപ്പെട്ടു. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികൾക്ക് പിന്നാലെ പ്രാദേശിക കലാകാരന്മാരുടെ നാടകവും അരങ്ങേറി.
