പുതുവർഷത്തിൽ എം.ജി കാറുകൾക്ക് വില വർധിക്കും

news image
Dec 22, 2025, 7:56 am GMT+0000 payyolionline.in

ന്യൂഡൽഹി: പ്രമുഖ വാഹന നിർമാതാക്കളായ ജെ.എസ്.ഡബ്ല്യു എം.ജി മോട്ടോർ ഇന്ത്യ തങ്ങളുടെ എല്ലാ മോഡലുകൾക്കും വില വർധിപ്പിക്കുന്നു. 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ 2 ശതമാനം വരെയാണ് വില വർധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ മോഡലിനും വേരിയന്റിനും അനുസരിച്ച് വിലയിൽ വ്യത്യാസമുണ്ടാകും. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും ആഗോള സാമ്പത്തിക സാഹചര്യങ്ങളുമാണ് വില വർധിപ്പിക്കാൻ നിർബന്ധിതമായതെന്ന് കമ്പനി അറിയിച്ചു. വരും ആഴ്ചകളിൽ ഓരോ മോഡലിന്റെയും പുതുക്കിയ കൃത്യമായ വില വിവരങ്ങൾ എം.ജി പുറത്തുവിടും.

വിൻഡ്‌സർ ഇ.വി

എം.ജിയുടെ ജനപ്രിയ ഇലക്ട്രിക് ക്രോസോവർ മോഡലാണ് വിൻഡ്സർ ഇ.വി. 30,000 രൂപ മുതൽ 37,000 രൂപ വരെ മോഡലിന് വില വർധിക്കാനാണ് സാധ്യത. ഇതോടെ വിൻഡ്‌സർ ഇ.വിയുടെ എക്സ്-ഷോറൂം വില 14.27 ലക്ഷം രൂപ മുതൽ 18.76 ലക്ഷം രൂപ വരെയായേക്കാം.

കോമറ്റ് ഇ.വി

എം.ജി മോട്ടോർസ് സെഗ്‌മെന്റിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന കുഞ്ഞൻ ഇലക്ട്രിക് വാഹനമാണ് കോമറ്റ്. കോമറ്റിന് 10,000 രൂപ മുതൽ 20,000 രൂപ വരെയുള്ള വർധനവാണ് പ്രതീക്ഷിക്കുന്നത്. വില വർധനവിന് ശേഷം 7.64 ലക്ഷം മുതൽ 10.19 ലക്ഷം രൂപ വരെയാണ് പുതിയ എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്നുണ്ട്.

എം.ജി ഹെക്ടർ

അടുത്തിടെ ഹെക്ടർ എസ്.യു.വിയുടെ ഫേസ് ലിഫ്റ്റ് വകഭേദം എം.ജി വിപണിയിൽ അവതരിപ്പിച്ചിരുന്നു. പുതുക്കിയ ഡിസൈൻ, പുതിയ അലോയ് വീലുകൾ, അത്യാധുനിക ഫീച്ചറുകൾ എന്നിവയുമായാണ് ഹെക്ടർ ഫേസ്‌ലിഫ്റ്റ് എത്തുന്നത്. 14 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ/ആൻഡ്രോയിഡ് ഓട്ടോ, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.

നിലവിൽ ഹെക്ടർ ഫേസ്‌ലിഫ്റ്റിന് 11.99 ലക്ഷം മുതൽ 18.99 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില. ഏഴ് സീറ്റുകളുള്ള ഹെക്ടർ പ്ലസിന് 17.29 ലക്ഷം മുതൽ 19.49 ലക്ഷം രൂപ വരെയും. എസ്.യു.വിയുടെ ഡീസൽ വേരിയന്റുകളുടെയും ആറ് സീറ്റർ മോഡലുകളുടെയും വില 2026-ൽ പ്രഖ്യാപിക്കുമെന്നാണ് കമ്പനി അറിയിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe