പുതുവർഷം പുലരുംമുമ്പ് മഴ വരുന്നു; മഴ മുന്നറിയിപ്പ് അറിയാം

news image
Dec 27, 2025, 5:37 am GMT+0000 payyolionline.in

തിരുവനന്തപുരം: 2025 അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ സംസ്ഥാനത്ത് വീണ്ടും മഴ എത്തുന്നു. പുതുവർഷം പുലരുമുമ്പ് സംസ്ഥാനത്ത് മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. പ്രധാനമായും തെക്കൻ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത.

ഡിസംബർ 29, 30 തീയതികളാണ് മഴയ്ക്ക് സാധ്യത. ഡിസംബർ 29ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഗ്രീൻ അലർട്ട് ആയിരിക്കും. എന്നാൽ വടക്കൻ ജില്ലകളിൽ മഴ സാധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറത്തിറക്കിയ അടുത്ത അഞ്ച് ദിവസത്തെ മഴ മുന്നറിയിപ്പിൽ പറയുന്നത്.

ഡിസംബർ 30ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ജില്ലകളിൽ ഗ്രീൻ അലർട്ടാണ് നൽകിയിരിക്കുന്നത്. മിതമായതോ നേരിയതോ ആയ മഴയാണ് ഗ്രീൻ അലർട്ട്കൊണ്ട് അർഥമാക്കുന്നത്.ഒക്ടോബർ മുതലുള്ള മാസങ്ങളിൽ സംസ്ഥാനത്ത് ലഭിക്കേണ്ട മഴയിൽ 20 ശതമാനം കുറവുണ്ടായതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വൃത്തങ്ങൾ അറിയിക്കുന്നു. അതേസമയം സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പകൽ താപനില കഴിഞ്ഞ ദിവസം കോട്ടയത്ത് രേഖപ്പെടുത്തി. തുടർച്ചയായ മൂന്നാം ദിവസമാണ് രാജ്യത്തെ ഉയർന്ന പകൽ ചൂട് കോട്ടയത്ത് രേഖപ്പെടുത്തുന്നത്. 35.2 ഡിഗ്രി സെൽഷ്യസാണ് കോട്ടയത്ത് രേഖപ്പെടുത്തിയ പകൽ താപനില.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe