സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുതിയ വോട്ടർമാർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം. 22ന് ഉള്ളിൽ അപേക്ഷ നൽകിയാൽ ഫെബ്രുവരി 21ന് പ്രസിദ്ധീകരിക്കുന്ന എസ് ഐ ആർ അന്തിമ പട്ടികയിൽ പേരുണ്ടാകും.
ഇതിനുശേഷം നിയമസഭാ തിരഞ്ഞെടുപ്പ് നാമനിർദേശ പത്രിക സമർപ്പണത്തിന്റെ അവസാന ദിവസം വരെയും അപേക്ഷിക്കാൻ അവസരമുണ്ടാകും. ഇവരെ സപ്ലിമെന്ററി ലിസ്റ്റിൽ ഉൾപ്പെടുത്തും. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
voters.eci.gov.in സന്ദർശിക്കണം. ‘വോട്ടർ ഹെൽപ്പ് ലൈൻ’ മൊബൈൽ ആപ്ലിക്കേഷൻ വഴിയും അപേക്ഷ നൽകാം. വെബ്സൈറ്റിലെ ‘ന്യൂ വോട്ടർ രജിസ്ട്രേഷൻ’ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ‘ഫോം 6’ ആണ് പൂരിപ്പിക്കേണ്ടത്. പ്രവാസി വോട്ടർമാർ ‘ഫോം 6എ’ തിരഞ്ഞെടുക്കണം. തിരിച്ചറിയൽ കാർഡിലെ വിവരങ്ങളിൽ മാറ്റം വരുത്താനോ മണ്ഡലം മാറാനോ ഫോം 8 ഉപയോഗിക്കാം.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
⭕അപേക്ഷയോടൊപ്പം കളർ പാസ്പോർട്ട് സൈസ് ഫോട്ടോ, വയസ്സ്, വിലാസം തെളിയിക്കുന്ന രേഖകൾ അപ്ലോഡ് ചെയ്യണം.
⭕അടുത്ത ബന്ധുവിന്റെ തിരിച്ചറിയൽ കാർഡ് നമ്പറും മൊബൈൽ നമ്പറും വേണം.
⭕ബിഎൽഒമാർ നേരിട്ടെത്തി പരിശോധിച്ചാണ് അന്തിമ പട്ടികയിൽ പേര് ഉൾപ്പെടുത്തുക.
