ഐശ്വര്യത്തിന്‍റെയും പ്രതീക്ഷയുടെയും സമാധാനത്തിന്‍റെയും ഉത്സവം. കേരനാടിന്‍റെ കാർഷിക സമൃദ്ധിയുടെ പെരുമ. വിളവെടുപ്പ് കഴിഞ്ഞ് വീടുതേടിയെത്തുന്ന കാർഷിക വിളകളിൽ പട്ടിണിയില്ലാത്ത നല്ലനാളെകളെ പ്രതീക്ഷിക്കുന്ന, പൊൻകൊന്നയൊരുക്കി പ്രകൃതി പോലും സ്വാഗതമരുളുന്ന വിഷു. ലോകത്തിന്‍റെ ഏത് കോണിലായാലും മലയാളിക്ക് വിഷു, നാട്ടിലേക്ക് മനസുകൊണ്ടെങ്കിലും മടങ്ങിയെത്താനുള്ള അതിദാഹമാണ്.
വിഷു എന്ന് കേൾക്കുമ്പോൾ മനസിലേക്ക് ഓടിയെത്തുന്ന ഒരു സൂപ്പർ സിനിമാറ്റിക് ഫ്രെയിം ഉണ്ട് മലയാളിക്ക്. കുലകുത്തി പൂത്തുനിൽക്കുന്ന കണിക്കൊന്ന, കായ്ച്ച് കിടക്കുന്ന ഫലവൃക്ഷങ്ങൾ, പാടത്ത് വള്ളിയിൽ കൊരുത്ത് ഇലകൾക്ക് പിന്നിൽ നിന്ന് വെളിച്ചത്തുവരുന്ന കണിവെള്ളരികൾ, ഒതേനക്കുറുപ്പിന്‍റെ വീരഗാഥ പാടിയെത്തുന്ന പാണനാരെ പോലെ വിഷുവിന്‍റെ വരവറിയിച്ച് വിരുന്നെത്തുന്ന വിഷുപ്പക്ഷികൾ, പിന്നെ വിഷുക്കണിയും കോടിയും കൈനീട്ടവും സദ്യയും. മൊത്തത്തിൽ ഗൃഹാതുരതയുടെ ഒരു പവർപാക്ക് കൂടിയാണ് വിഷു. മേടമാസം ഒന്നാം തീയതിയാണ് വിഷു. അതായത് പുതുവർഷാരംഭം. ചിങ്ങത്തിൽ തുടങ്ങുന്ന മലയാളമാസത്തിൽ മേടം ഒന്ന് എങ്ങനെ വർഷാരംഭമായി എന്നല്ലേ… അവിടെയാണ് വിഷുവും കൃഷിയും തമ്മിലുള്ള അഭേദ്യമായ ബന്ധം. പണ്ട്, എന്നുവച്ചാൽ വളരെ പണ്ട് നിലനിന്നിരുന്ന കാർഷിക കലണ്ടർ പ്രകാരമാണ് മേടം ഒന്ന് വർഷാരംഭമായി കണക്കാക്കിയിരുന്നത്. അതുകൊണ്ട് തന്നെ വിഷുവിന് ആണ്ടുപിറപ്പ് എന്നൊരു ചെല്ലപ്പേരുകൂടിയുണ്ട്.
ഐതീഹ്യം…
കാർഷിക വേര് മാറ്റി നിർത്തിയാൽ വിഷുവിനെ ചുറ്റിപ്പറ്റി നിരവധി ആചാരങ്ങളും വിശ്വാസങ്ങളും ഉണ്ട്. മേൽപറഞ്ഞ വിഷുക്കണിയും കൈനീട്ടവുമൊക്കെ ഇതിൽപെടും. നിറയെ കായ്കനികളും പൂക്കളും കോടിമുണ്ടും ദൈവ വിഗ്രഹവും നിറഞ്ഞുകത്തുന്ന നിലവിളക്കും വച്ചൊരുക്കിയ വിഷുക്കണി പ്രതീക്ഷയുടെ പ്രതീകമാണ്. ഓരോ തവണയും കാണുന്ന വിഷുക്കണിയെ ആശ്രയിച്ചാണ് ആ ഒരുവർഷമത്രയും എന്നാണ് വിശ്വാസം. കാർഷിക ഉത്സവം ആയതുകൊണ്ട് തന്നെ കണിയിലെ പ്രധാനികളൊക്കെ കാർഷിക വിളകളാണ്. ഓണം കഴിഞ്ഞാൽ മലയാളികൾ ആഘോഷിക്കുന്ന പ്രധാന ഉത്സവം കൂടിയാണ് വിഷു.
ഇനി വിഷുവിനെ ചുറ്റിപ്പറ്റിയുള്ള ഒരു ഐതീഹ്യം പറയാം. നരകാസുരന്‍റെ ഉപദ്രവത്താൽ ത്രിലോകങ്ങളും കഷ്ടത്തിലായ സമയം. ശ്രീകൃഷ്ണനും സത്യഭാമയും ഗരുഡാരൂഡരായി നരകാസുരനുമായി യുദ്ധത്തിനെത്തുന്നു. വസു, വിഭാസു, അന്തരീക്ഷൻ, മുരൻ, താമ്രൻ, അരുണൻ, ശ്രവണൻ, നഭസ്വാൻ എന്നീ അസുരന്മാരെ കൃഷ്ണൻ വധിക്കുന്നു. ഒടുവിൽ നരകാസുരനെയും വധിച്ച് കൃഷ്ണൻ യുദ്ധം ജയിക്കുന്നു. നരകാസുരനെ വധിച്ചതിന്‍റെ ആഘോഷമാണ് വിഷു എന്നാണ് ഐതീഹ്യങ്ങളിൽ ഒന്ന്.