‘പുക സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനമില്ല’: വായു മലിനീകരണം രൂക്ഷമായതിനെ തുടർന്ന് നിയന്ത്രണങ്ങൾ കടുപ്പിച്ച് ഡൽഹി സർക്കാർ

news image
Dec 16, 2025, 1:52 pm GMT+0000 payyolionline.in

ന്യൂഡല്‍ഹി: അന്തരീക്ഷ വായു മലിനീകരണം രൂക്ഷമായതിനെ തുടർന്ന് നിയന്ത്രണങ്ങൾ കടുപ്പിച്ച് ഡൽഹി സർക്കാർ. പുക സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകേണ്ടെന്നാണ് പുതിയ തീരുമാനം. ഇതിനിടെ വായു ഗുണനിലവാര സൂചിക മെച്ചപ്പെടുത്താൻ കഴിയാത്തതിൽ ഡൽഹി പരിസ്ഥിതി മന്ത്രി മാപ്പ് പറഞ്ഞു. കനത്ത പുക മഞ്ഞിനൊപ്പം വായുമലിനീകരണവും രൂക്ഷമായതോടെയാണ് ഡൽഹി സർക്കാർ കടുത്ത നടപടി എടുക്കുന്നത്. കൂടുതൽ മലിനീകരണം ഉള്ള മേഖലകളെ ഹോട്ട്സ്പോട്ടുകളായി തരംതിരിച്ചു. കെട്ടിട നിർമ്മാണങ്ങൾക്കും ട്രാക്ടറുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി. വ്യാഴ്യാഴ്ച മുതൽ പുക സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകില്ല. ഡൽഹിക്ക് പുറത്ത് നിന്നുള്ള മറ്റ് പഴയ വാഹനങ്ങൾക്കെല്ലാം ദേശീയ തലസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ടാകും. പ്രവേശന കവാടങ്ങളിലും പമ്പുകളിലും കർശനമായ പരിശോധന ഉണ്ടാകും.

സംസ്ഥാനത്തിന് പുറത്തുനിന്ന് ,ബിഎസ്-VI അനുസൃത വാഹനങ്ങൾ മാത്രമായിരിക്കും അനുവദിക്കുക. പുകമഞ്ഞ് മൂലം ഡൽഹിയിൽ 126 വിമാന സർവീസുകൾ റദ്ദാക്കി. കാഴ്ച പരിധി കുറഞ്ഞതോടെ അപകടം പതിവായി. ആഗ്ര ഡൽഹി എക്സ്പ്രസ് ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. വായുഗുണനിലവാരസൂചിക 500 ന് മുകളിൽ തുടരുന്നതിൽ ഡൽഹി പരിസ്ഥിതിമന്ത്രി മൻജിന്ദർ സിംഗ് സിർസ മാപ്പ് പറഞ്ഞു. അധികാരത്തിലെത്തിയശേഷം എട്ട് മാസം പിന്നിട്ടതേയുള്ളൂ. വായൂനിലവാരം മികച്ചതാക്കാൻ ഇതൊരു ചെറിയ കാലയളവ് ആണെന്ന് പറഞ്ഞ സിർസ, ആം ആദ്‌മി സർക്കാരിനെയാണ് പഴിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe