പി.എസ്.സി പരീക്ഷ എഴുതാന്‍ സ്കൂളിലെത്തിയ ഉദ്യോഗാർത്ഥികളുടെ പണം മോഷ്ടിച്ചു. മാടായി ഗവ. ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പി.എസ്.സി എഴുതാനെത്തിയ ഉദ്യോഗാർത്ഥികളുടെ പണമാണ് അജ്ഞാതര്‍ മോഷ്ടിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നരയ്ക്ക് ആരംഭിച്ച ഡിവിഷണൽ അക്കൗണ്ടന്റ് ഓഫീസർ പ്രീമിലനറി പരീക്ഷ എഴുതാനെത്തിയ എട്ടിലധികം വിദ്യാർത്ഥികളുടെ പണവും കൂളിംഗ് ഗ്ലാസുമാണ് അജ്ഞാതര്‍ കവര്‍ന്നത്.
ഉദ്യോഗാർത്ഥികളുടെ ബാഗുകളിൽ സൂക്ഷിച്ചിരുന്ന പണമാണ് പരീക്ഷ നടക്കുന്ന സമയത്ത് നഷ്ടമായത്. പരീക്ഷാ നടപടിക്രമത്തിന്റെ ഭാഗമായി പരീക്ഷയ്ക്ക് മുമ്പ് സ്കൂളിലെ ക്ലോക്ക് റൂമിലാണ് ഉദ്യോഗാർത്ഥികളുടെ ബാഗുകള്‍ സൂക്ഷിച്ചിരുന്നത്. എട്ടിലധികം ബാഗുകളിൽ നിന്നായി 500 രൂപാ വീതമാണ് അജ്ഞാതര്‍ കവര്‍ന്നത്. പണം നഷ്ടപ്പെമായ പല ഉദ്യോഗാർത്ഥികളും ബസ് യാത്രയ്ക്കുള്ള പണം പോലും കൈയ്യില്‍ ഇല്ലാതെ പെട്ടുപോയി. കൂടെയുള്ള ഉദ്യോഗാർത്ഥികളില്‍ നിന്ന് പണം കടം വാങ്ങിയാണ് ഇവർ വീടുകളിലേക്ക് യാത്രയായത്.
പണം അപഹരിച്ചതിന് പുറമേ, പതിനായിരം രൂപ വിലയുള്ള ഉദ്യോഗാർത്ഥിയുടെ കൂളിംഗ് ഗ്ലാസും പോയി. പഴയങ്ങാടി പൊലീസ് സംഭവം സ്ഥലത്തെത്തി പരിശോധന നടത്തി. സ്കൂളിലെ പ്രധാന അദ്ധ്യാപിക വിവരം അറിയിച്ചതോടെയാണ് പൊലീസ് സ്ഥലത്തെത്തിയത്. 102 ഉദ്യോഗാർത്ഥികളാണ് ഇവിടെ പരീക്ഷയെഴുതിയത്.