ന്യൂഡൽഹി: വിളകൾക്ക് കുറഞ്ഞ താങ്ങുവിലക്ക് നിയമപരമായ ഗാരണ്ടി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാറിൽ സമ്മർദ്ദം ചെലുത്തുന്നതിന് 101 കർഷകരുടെ സംഘം ജനുവരി 21ന് ശംഭു അതിർത്തിയിൽനിന്ന് ഡൽഹിയിലേക്കുള്ള മാർച്ച് പുനഃരാരംഭിക്കുമെന്ന് കർഷക നേതാവ് സർവാൻ സിംഗ് പാന്തർ. നിരാഹാര സമരം 52-ാം ദിവസത്തിലേക്കു കടന്നപ്പോൾ കർഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 111 കർഷകരുടെ സംഘം ഹരിയാന അതിർത്തിയിൽ ഖനൗരിക്ക് സമീപം മരണം വരെ നിരാഹാര സമരം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് കർഷകരുടെ പുതിയ നീക്കം.
101 കർഷകരുടെ ‘ജാഥ’ കഴിഞ്ഞ ഡിസംബർ 6, 8,14 തീയതികളിൽ ശംഭു അതിർത്തിയിൽ നിന്നും കാൽനടയായി ഡൽഹിയിലേക്ക് പോകാൻ മൂന്ന് തവണ ശ്രമിച്ചിരുന്നു. എന്നാൽ, ഹരിയാന പൊലീസ് ഇവരെ അതിർത്തിയിൽ തടഞ്ഞു.
ശംഭു അതിർത്തിയിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച കിസാൻ മസ്ദൂർ മോർച്ച നേതാവ് പാന്തർ, കഴിഞ്ഞ 11 മാസമായി ശംഭുവിലും ഖനൗരിയിലും ക്യാമ്പ് ചെയ്യുന്ന കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാത്തതിന് കേന്ദ്ര സർക്കാരിനെ വിമർശിച്ചു. 101 കർഷകർ ജനുവരി 21ന് ശംഭു അതിർത്തിയിൽ നിന്ന് ഡൽഹിയിലേക്കുള്ള മാർച്ച് പുനഃരാരംഭിക്കാൻ ഇന്ന് തീരുമാനിച്ചതായി പറഞ്ഞ അദ്ദേഹം ഒരു ചർച്ചക്കും സർക്കാർ തയ്യാറല്ലെന്ന് തോന്നുന്നുവെന്നും പ്രക്ഷോഭം ശക്തമാക്കാനാണ് ഇരു വേദികളുടെയും തീരുമാനമെന്നും കൂട്ടിച്ചേർത്തു.
ജനുവരി 15ന്, 111 കർഷകരുടെ ഒരു സംഘം തങ്ങളുടെ നേതാവായ ദല്ലേവാളിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മരണം വരെ നിരാഹാരം ആരംഭിക്കുകയും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ തങ്ങൾ പിന്മാറില്ലെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.
അതിർത്തിയിൽ ഹരിയാന പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അഞ്ചോ അതിലധികമോ ആളുകളുടെ ഒത്തുചേരലുകൾ നിരോധിച്ചുകൊണ്ട് ഭാരതീയ നാഗരിക് സുരക്ഷാ സൻഹിതയുടെ സെക്ഷൻ 163 ഇതിനകം തന്നെ ഏർപ്പെടുത്തിയിട്ടുണ്ട്.