കൊയിലാണ്ടി : കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവത്തിന് ഒരുങ്ങി. 30-ന് കാളിയാട്ടമഹോത്സവത്തിന് കൊടിയേറും. ഏപ്രിൽ അഞ്ചിന് വലിയവിളക്കും ആറിന് കാളിയാട്ടവുമാണ്.
30-ന് രാവിലെ 6.30-ന് മേൽശാന്തി ക്ഷേത്രത്തിൽ പ്രവേശിക്കുന്ന ചടങ്ങ് നടക്കും. തുടർന്നാണ് കൊടിയേറ്റം. രാവിലത്തെ കാഴ്ചശീവേലിക്ക് കാഞ്ഞിലശ്ശേരി വിനോദ് മാരാർ മേളപ്രമാണിയാകും. രാവിലെ കൊല്ലം കൊണ്ടാടുംപടി ക്ഷേത്രത്തിൽനിന്ന് ആദ്യ അവകാശവരവ് ക്ഷേത്രത്തിലെത്തും. തുടർന്ന് കുന്ന്യോറമല ഭഗവതിക്ഷേത്രം, പണ്ടാരക്കണ്ടി, കുട്ടത്ത്കുന്ന്, പുളിയഞ്ചേരി എന്നിവിടങ്ങളിൽനിന്നുള്ള വരവുകളും ക്ഷേത്രത്തിലെത്തും. വൈകീട്ട് കാഴ്ചശീവേലി-മേള പ്രമാണം പോരൂർ അനീഷ് മാരാർ. 6.30-ന് സാംസ്കാരികസദസ്സിൽ യു.കെ. കുമാരൻ, കെ.പി. സുധീര, നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട് എന്നിവർ പങ്കെടുക്കും. 7.30-ന് ഗാനമേള.
31-ന് രാവിലെയും വൈകീട്ടും കാഴ്ചശീവേലി. മേളപ്രമാണം രാവിലെ വെളിയണ്ണൂർ സത്യൻ മാരാർ, വൈകീട്ട് തൃപ്പനംകോട്ട് പരമേശ്വരൻമാരാർ. രാത്രി എട്ടിന് തായമ്പക-കല്ലുവഴി പ്രകാശൻ. നാടകം-കാളിക. അവതരണം സരോവര തിരുവനന്തപുരം.
ഏപ്രിൽ ഒന്നിന് രാവിലെ കാഴ്ചശീവേലി-മേളപ്രമാണം തൃക്കുറ്റിശ്ശേരി ശിവശങ്കരമാരാർ, വൈകീട്ട് പനങ്ങാട്ടിരി മോഹനൻ. രാത്രി എട്ടിന് ഇരട്ടത്തായമ്പക-സദനം അശ്വിൻ മുരളി, കക്കാട് അതുൽ കെ. മാരാർ. രാത്രി 7.30-ന് മ്യൂസിക് ബാൻഡ്.
ഏപ്രിൽ രണ്ടിന് കാഴ്ചശീവേലി- മേളപ്രമാണം രാവിലെ കടമേരി ഉണ്ണികൃഷ്ണൻമാരാർ, വൈകീട്ട് കാഞ്ഞിലശ്ശേരി പത്മനാഭൻ. രാത്രി എട്ടിന് തായമ്പക-ശുകപുരം രാധാകൃഷ്ണൻ. തുടർന്ന് നൃത്തപരിപാടി, മനോജ് ഗിന്നസ് നയിക്കുന്ന മെഗാഷോ.
മൂന്നിന് രാവിലത്തെ കാഴ്ചശീവേലിക്ക് സന്തോഷ് കൈലാസും വൈകീട്ട് പോരൂർ ഹരിദാസും മേളപ്രമാണിയാകും. രാത്രി എട്ടിന് തായമ്പക-അത്താലൂർ ശിവൻ. 7.30-ന് സംഗീതസംവിധായകൻ വിദ്യാധരൻ മാസ്റ്റർ നയിക്കുന്ന സംഗീതനിശ-‘കല്പാന്ത കാലത്തോളം.’
നാലിന് ചെറിയവിളക്ക്. രാവിലെ കാഴ്ചശീവേലി-മേളപ്രമാണം മുചുകുന്ന് ശശി മാരാർ. തുടർന്ന് വണ്ണാന്റെ അവകാശവരവ്, കോമത്ത് പോക്ക് ചടങ്ങ്, ഓട്ടൻതുള്ളൽ, വൈകീട്ട് നാലിന് പാണ്ടിമേളസമേതം കാഴ്ചശീവേലി-മേളപ്രമാണം കാഞ്ഞിലശ്ശേരി വിനോദ് മാരാർ. രാത്രി എട്ടിന് ഗോപീകൃഷ്ണ മാരാർ, കൽപ്പാത്തി ബാലകൃഷ്ണൻ എന്നിവരുടെ തായമ്പക, ഗായകരായ രാജലക്ഷ്മി, ലിബിൻ സ്കറിയ എന്നിവർ നയിക്കുന്ന മെഗാ ഗാനമേള.
ഏപ്രിൽ അഞ്ചിന് വലിയവിളക്ക് രാവിലെ കാഴ്ചശീവേലിക്ക് ഇരിങ്ങാപ്പുറം ബാബു മേളപ്രമാണിയാകും. തുടർന്ന് ഓട്ടൻതുള്ളൽ, മന്ദമംഗലം ഭാഗത്തുനിന്നുള്ള ഇളനീർക്കുലവരവും വസൂരിമാല വരവും. വൈകീട്ട് മൂന്നുമുതൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഇളനീർക്കുലവരവുകൾ, തണ്ടാന്റെ അരങ്ങോലവരവ്, കൊല്ലത്ത് അരയന്റെ വെള്ളിക്കുട വരവ്, കൊല്ലന്റെ തിരുവായുധം വരവ് എന്നിവ ക്ഷേത്രത്തിലെത്തും. വൈകീട്ടത്തെ കാഴ്ചശീവേലിക്ക് ശുകപുരം ദിലീപ് മേളപ്രമാണിയാകും. തുടർന്ന് രാത്രി ഏഴിന് കെ.സി. വിവേക് രാജയുടെ വയലിൻ സോളോ. രാത്രി 11-നുശേഷം പിടിയാനപ്പുറത്ത് ക്ഷേത്രത്തിലെ പ്രധാന നാന്തകം പുറത്തെഴുന്നള്ളിക്കും.
ആറിന് കാളിയാട്ടം. രാവിലെ ഓട്ടൻതുള്ളൽ, വൈകുന്നേരം കൊല്ലത്ത് അരയന്റെയും വേട്ടുവരുടെയും തണ്ടാന്റെയും വരവുകൾ ക്ഷേത്രത്തിലെത്തും. തുടർന്ന് പുറത്തെഴുന്നള്ളിപ്പ്. മേളത്തിന് മട്ടന്നൂർ ശ്രീരാജ് മാരാർ നേതൃത്വംനൽകും. രാത്രി 10.55-നും 11.15-നും ഇടയിൽ വാളകംകൂടൽ.
കൊടിയേറ്റദിവസംമുതൽ ചെറിയവിളക്കുവരെ ഒരു കൊമ്പനാനയെയാണ് എഴുന്നള്ളത്തിനായി ഉപയോഗിക്കുക. വലിയവിളക്കിനും കാളിയാട്ടത്തിനും രണ്ട് കൊമ്പനാനകളും ഒരു പിടിയാനയുമുണ്ടാവും. കരിമരുന്നുപ്രയോഗവും നിയന്ത്രണവിധേയമാകും.
ഉത്സവനാളുകളിൽ രാവിലെ 11.30 മുതൽ 2.30 വരെ പ്രസാദ ഊട്ട് ഉണ്ടാകും. ഉത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ട്രസ്റ്റി ബോർഡ് ചെയർമാൻ ഇളയിടത്ത് വേണുഗോപാലും എക്സിക്യുട്ടീവ് ഓഫീസറുടെ ചുമതലവഹിക്കുന്ന മലബാർ ദേവസ്വം ബോർഡ് അസി കമ്മിഷണർ കെ.കെ. പ്രമോദ് കുമാറും പത്രസമ്മേളനത്തിൽ അറിയിച്ചു. ദേവസ്വം ബോർഡ് അംഗങ്ങളായ സി. ഉണ്ണികൃഷ്ണൻ, എം. ബാലകൃഷ്ണൻ, പി.പി. രാധാകൃഷ്ണൻ, മാനേജർ വി.പി. ഭാസ്കരൻ എന്നിവരും പങ്കെടുത്തു.