തിരുവനന്തപുരം: തനിക്കെതിരെയുള്ള വിജിലൻസ് അന്വേഷണത്തിൽ ആശങ്കയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. വ്യക്തി ജീവിതത്തിൽ കറ ഇല്ലെന്ന് തെളിയിയ്ക്കാൻ കഴിയുന്ന സാഹചര്യമുണ്ടായി എന്നും കെ സുധാകരൻ വ്യക്തമാക്കി. സ്കൂൾ വാങ്ങാൻ കഴിഞ്ഞില്ല. എന്നാൽ പിരിച്ച പണത്തിന്റെ കൃത്യം കണക്കുണ്ട്. പണം എല്ലാവർക്കും മടക്കി നൽകിയിട്ടുണ്ടെന്നും രേഖകൾ എല്ലാം കൃത്യമായി സമർപ്പിച്ചിട്ടുണ്ടെന്നും കെ സുധാകരൻ പറഞ്ഞു. പ്രശാന്ത് ബാബു രാഷ്ട്രീയ ചട്ടുകമായി പ്രവർത്തിക്കുന്നുഎന്നും സുധാകരൻ വിമർശിച്ചു.
സോളാർ കേസിൽ കോൺഗ്രസിൽ ഭിന്നാഭിപ്രായമില്ലെന്നും സുധാകരൻ വ്യക്തമാക്കി. ഗൂഢാലോചനയുണ്ടെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ടെന്നും ഗൂഢാലോചന അന്വേഷിക്കേണ്ട ഉത്തരവാദിത്തം സിബിഐക്കാണെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. സിബിഐ അന്വേഷിച്ചിട്ട് വസ്തുനിഷ്ടമായ കാര്യങ്ങൾ പുറത്തു കൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിൽ സിബിഐയോടുള്ള സമൂഹത്തിന്റെ മതിപ്പിന് കോട്ടമാണ്, അപമാനമാണ്. തുടരന്വേഷണം വേണം. അന്വേഷണം സുതാര്യമായിരിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. കെ.ബി. ഗണേഷ് കുമാറാണ് കഥാനായകൻ എന്ന് പറയുന്നു, ഗണേഷിന്റെ പങ്ക് അന്വേഷിക്കട്ടെയെന്നും സുധാകരൻ കൂട്ടിച്ചേര്‍ത്തു. അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ കോഴിക്കോട് വിജിലൻസിന് മുന്നിൽ മൊഴി നൽകാനെത്തിയതായിരുന്നു കെ സുധാകരൻ.
വിജിലൻസ് പ്രത്യേക സെൽ എസ്.പി അബ്ദുൾ റസാഖിന്റെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു 2021 ൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണിത്. കെ. കരുണാകരൻ ട്രസ്റ്റ് രൂപീകരിച്ച് ചിറക്കൽ രാജാസ് സ്കൂൾ ഏറ്റെടുക്കാൻ വിദേശത്തു നിന്ന് ഉൾപ്പടെ പണം പിരിക്കുകയും പിന്നീട് ഈ തുക സുധാകരൻ ചെലവഴിച്ചെന്നുമാണ് പരാതി.
ഡിസിസി ഓഫിസ് നിർമിക്കാൻ പിരിച്ച തുക വകമാറ്റി ഉപയോഗിച്ചെന്നും പരാതിയിലുണ്ട്. ഇക്കഴിഞ്ഞ ജൂൺ 10 ന് പ്രശാന്ത് ബാബുവിന്റെ മൊഴി വിജിലൻസ് രേഖപ്പെടുത്തിയിരുന്നു. ഇതിനു ശേഷമാണ് മൊഴി നൽകാൻ സുധാകരന് വിജിലൻസ് നോട്ടീസ് നൽകിയത്. സുധാകരന്റെ ഭാര്യ സ്മിതയുടെ ശമ്പള വിവരങ്ങൾ കണ്ണൂർ കാടാച്ചിറ ഹൈസ്കൂൾ പ്രധാന അധ്യാപകനിൽ നിന്ന് വിജിലൻസ് നേരത്തെ തേടിയിരുന്നു.