പിണറായിക്ക് മനുഷ്യത്വം ബാക്കിയുണ്ടെങ്കില്‍ വിഴിഞ്ഞം പദ്ധതിക്ക് ഉമ്മന്‍ ചാണ്ടിയുടെ പേരിടണമെന്ന് കെ. സുധാകരൻ

news image
Oct 13, 2023, 9:09 am GMT+0000 payyolionline.in

തിരുവനന്തപുരം: കേരളത്തി​െൻറ വികസന സ്തംഭമായി മാറേണ്ട വിഴിഞ്ഞം തുറമുഖ പദ്ധതി നാലു വര്‍ഷം വൈകിപ്പിച്ച് കനത്ത നഷ്ടം വരുത്തിയശേഷം പദ്ധതിയുടെ ക്രെഡിറ്റ് എടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രചാരണം അഴിച്ചുവിട്ടത് അൽപത്തമാണെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന്‍ എം.പി. 5550 കോടി രൂപയുടെ പദ്ധതിയില്‍ 6000 കോടി രൂപയുടെ അഴിമതി ആരോപിച്ചും അന്വേഷണ കമ്മീഷനെ നിയോഗിച്ചും മനുഷ്യച്ചങ്ങല തീര്‍ത്തും പദ്ധതി അട്ടിമറിക്കാന്‍ കിണഞ്ഞു ശ്രമിച്ചിട്ടും നടക്കാതെ പോയത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യംകൊണ്ട് മാത്രമാണ്. പിണറായി വിജയന് മനുഷ്യത്വം ബാക്കിയുണ്ടെങ്കില്‍ വിഴിഞ്ഞം പദ്ധതിക്ക് ഉമ്മന്‍ ചാണ്ടിയുടെ പേരിടണമെന്നും സുധാരന്‍ ആവശ്യപ്പെട്ടു.

യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്നെങ്കില്‍ നേരത്തെ നിശ്ചയിച്ചതുപോലെ 2019ല്‍ തന്നെ പദ്ധതി യാഥാര്‍ത്ഥ്യമാകുമായിരുന്നു. 2015ല്‍ പരിസ്ഥിതി അനുമതി ഉള്‍പ്പെടെ എല്ലാ അനുമതികളും വാങ്ങിയെടുക്കുകയും കോടതി കേസുകള്‍ തീര്‍ക്കുകയും സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കുകയും പുനരധിവാസ പാക്കേജ് നടപ്പാക്കുകയും ചെയ്ത് പണി തുടങ്ങിയ ശേഷമാണ് യു.ഡി.എഫ് അധികാരം വിട്ടത്. 2019ല്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ പാകത്തിലുള്ള എല്ലാ നടപടികളും അന്നു പൂര്‍ത്തിയാക്കിയിരുന്നു. പിടിപ്പുകേടി​െൻറ പര്യായമായ പിണറായിക്കും സംഘത്തിനും അതുമായി മുന്നോട്ടുപോകാനായില്ല.

പദ്ധതിയോട് അനുബന്ധമായി തീരേണ്ട വിഴിഞ്ഞം- ബാലരാമപുരം 12 കിമീ റോഡിന് ടെണ്ടര്‍ വിളിക്കാന്‍ പോലും പിണറായി സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയ പദ്ധതിയാണിത്. വിഴിഞ്ഞം ഫിഷിംഗ് ഹാര്‍ബറി​െൻറ കാര്യവും തഥൈവ. പിണറായി സര്‍ക്കാര്‍ 2016ല്‍ 500 കോടി രൂപ വകയിരുത്തിയ അഴീക്കല്‍ തുറമുഖ പദ്ധതിക്ക് ഇതുവരെ പ്രോജക്ട് റിപ്പോര്‍ട്ട് പോലും തയാറാക്കാന്‍ കഴിഞ്ഞില്ല എന്നിടത്താണ് രണ്ടു സര്‍ക്കാരുകളും തമ്മിലുള്ള വ്യത്യാസം പ്രകടമാകുന്നത്.

പിണറായി വിജയന്‍ ഉമ്മന്‍ ചാണ്ടിയോട് വൈകിയ വേളയിലെങ്കിലും മാപ്പു പറയണം. തമിഴ്‌നാട്ടിലെ എണ്ണൂര്‍ തുറമുഖത്തിന് കാമരാജി​െൻറയും തൂത്തുക്കുടി തുറമുഖത്തിന് വിഒ ചിദംബര്‍നാറി​െൻറയും ഗുജറാത്തിലെ കണ്ടലയ്ക്ക് ദീനദയാലി​െൻറയും പേരാണ് നൽകിയിരിക്കുന്നത്. രാജ്യത്ത് ഇത്തരം ധാരാളം മാതൃകകളുണ്ട്. വിഴിഞ്ഞം പദ്ധതിക്കുശേഷം രാജ്യത്ത് ഇതുവരെ പുതിയൊരു തുറമുഖ പദ്ധതി ഉണ്ടായിട്ടില്ല. വിഴിഞ്ഞം തീരദേശവാസികളുടെ ഇനിയും പരിഹരിക്കാത്ത നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കി സമവായത്തോടെ പദ്ധതി നടപ്പാക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe