നമ്മൾ ഒട്ടുമിക്ക ആളുകളും ദൈനംദിനമായി ഉപയോഗിക്കുന്ന മെയിൽ പ്ലാറ്റ്‌ഫോം ആണ് ജിമെയിൽ. മറ്റ് ഏത് പ്ലാറ്റ്ഫോം ഉപയോഗിക്കുന്നവരേക്കാൾ ജിമെയിൽ ഉപയോഗിക്കുന്നവരാണ് കൂടുതൽ എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഏകദേശം 2.5 ബില്യൺ ആളുകൾ ജിമെയിൽ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ജിമെയിൽ ഉപയോക്താക്കൾക്ക് അതീവജാഗ്രതാ നിർദേശവുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ.
ലോകത്താകമാനമുള്ള ജിമെയിൽ ഉപഭോക്താക്കളോട് ഉടൻ പാസ്‍വേർഡുകൾ മാറ്റാനും ടൂ സ്റ്റെപ്പ് വെരിഫിക്കേഷൻ ചെയ്യാനും പറഞ്ഞിരിക്കുകയാണ് ഗൂഗിൾ.ഹാക്കർമാരുടെ ആക്രമണം വർധിച്ചതാണ് ഇങ്ങനെയൊരു നിർദേശം നൽകാൻ കാരണം. ‘ഷൈനിഹണ്ടേഴ്സ്’ എന്ന സംഘമാണ് ഇതിന് പിന്നിൽ എന്നാണ് പറയപ്പെടുന്നത്. ഇ മെയിൽ വഴിയാണ് ഇവർ ഹാക്കിങ് നടത്തുന്നത്. ഇമെയിലിലൂടെ വരുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്‌താൽ നമ്മുടെ ഡാറ്റ ചോർത്തപ്പെടും. ഇവയെല്ലാം പൊതുമധ്യത്തിൽ ലഭിക്കുകയും ചെയ്യും. ഈ സംഘം ഇത്തരം വലിയ സൈബർ അറ്റാക്കുകൾ ഇനിയും നടത്താൻ സാധ്യതയുണ്ടെന്നതിനാലാണ് ഗൂഗിൾ ഇപ്പോൾ ഇങ്ങനെയൊരു മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ഓഗസ്റ്റ് ആദ്യവാരത്തിൽ ഗൂഗിൾ ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെട്ട ഇമെയിൽ ഐഡികൾക്ക് ടു സ്റ്റെപ്പ് വെരിഫിക്കേഷൻ ഉടൻ ആഡ് ചെയ്യാൻ മുന്നറിയിപ്പ് നൽകിയിരുന്നു. പാസ്വേഡ് പുറമെയുള്ള ഒരു സുരക്ഷയാണ് ടു സ്റ്റെപ്പ് വെരിഫിക്കേഷൻ. ഏതെങ്കിലും കാരണവശാൽ ഹാക്കർമാർ നമ്മുടെ പാസ്സ്‌വേർഡ് കണ്ടെത്തിയാലും അക്കൗണ്ട് ആക്സസ് ലഭിക്കാൻ ടു സ്റ്റെപ്പ് വെരിഫിക്കേഷൻ വഴിയുള്ള സെക്യൂരിറ്റി കോഡ് വേണ്ടിവരും. ഇതുവഴി ഹാക്കിങ് ശ്രമങ്ങൾ നമുക്ക് കണ്ടെത്താൻ സാധിക്കും. ബാങ്ക്, ഷോപ്പിംഗ്, ഡിജിറ്റൽ സുരക്ഷ എന്നിവയുമായെല്ലാം ബന്ധപ്പെട്ടുകിടക്കുന്നതാണ് നമ്മുടെ ജിമെയിൽ അക്കൗണ്ടുകൾ. അതുകൊണ്ട് തന്നെ ഗൂഗിളിന്റെ ഈ മുന്നറിയിപ്പുകൾ അവഗണിക്കുന്നത് നമ്മെ കുഴിയിൽ ചെന്ന് ചാടിക്കും.