പാലക്കാട് പനയമ്പാടത്ത് തുടർച്ചയായി അപകടങ്ങൾ; എംവിഡിയും പൊലീസും പിഡബ്ല്യൂഡിയും ചേർന്ന് നാളെ പരിശോധന നടത്തും

news image
Dec 13, 2024, 12:43 pm GMT+0000 payyolionline.in

പാലക്കാട് :  4 വിദ്യാർത്ഥികളുടെ ജീവനെടുത്ത വാഹനാപകടം ഉണ്ടായ പാലക്കാട് പനയമ്പാടത്ത് നാളെ സംയുക്ത സുരക്ഷ പരിശോധന. പൊലീസും മോട്ടോർ വാഹന വകുപ്പും പൊതുമരാമത്ത് വകുപ്പും ചേർന്നാണ് പരിശോധന. അപകടമുണ്ടാക്കിയ രണ്ട് ലോറികളുടെയും ഡ്രൈവർമാരുടെ പേരിൽ കല്ലടിക്കോട് പൊലീസ് കേസ് എടുത്തു.

നിരന്തരം അപകടമുണ്ടാകുന്ന പനയംപാടം വളവിൽ പ്രശ്നപരിഹാരം ആവശ്യപ്പെട്ട് നാട്ടുകാർ നിരന്തരം സമരം നടത്തുകയും വേഗം നിയന്ത്രണം അടക്കമുള്ള ശുപാർശകളോടെ മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ട് നൽകുകയും ചെയ്തിട്ടും ഒന്നും നടക്കാത്തതാണ് 4 കുട്ടികളുടെ ജീവൻ എടുത്തതെന്ന വ്യാപക പരാതി ഉയർന്നിരുന്നു. അപകട ശേഷം നാട്ടുകാർ ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ഇന്ന് കളക്ടറേറ്റിൽ പ്രത്യേക യോഗം ചേർന്നത്.

പാലക്കാട് കോഴിക്കോട് ദേശീയ പാതയിൽ അപകടം പതിവായ മണ്ണാർക്കാട് മുതൽ മുണ്ടൂർ വരെയുള്ള മേഖലകളിൽ അടിയന്തര ഇടപെടൽ വേണമെന്ന് യോഗത്തിൽ പങ്കെടുത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉൾപ്പെടെ ആവശ്യപ്പെട്ടു. ഇതിനെ തുടർന്നാണ് നാളെ പനയമ്പാടം വളവിൽ സംയുക്ത പരിശോധന നടത്താനുള്ള തീരുമാനം. പൊലീസ്, മോട്ടോർ വാഹന വകുപ്പ് , നാഷണൽ ഹൈവെ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ സംയുക്ത സുരക്ഷാ പരിശോധന നടത്തി തയ്യാറാക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ പ്രവർത്തനങ്ങൾ നടത്താനാണ് തീരുമാനം.

അതിനിടെ, നാലു കുട്ടികളുടെ ജീവനെടുത്ത അപകടത്തിൽ രണ്ട് ലോറികളുടെയും ഡ്രൈവർമാർക്കെതിരെ കല്ലടിക്കോട് പോലീസ് കേസ് എടുത്തു. കുട്ടികളുടെ ശരീരത്തിൽ പതിച്ച സിമൻറ് ലോറിയിൽ വന്നിടിച്ച ലോറിയുടെ ഡ്രൈവർ വഴിക്കടവ് സ്വദേശി പ്രജീഷി നെതിരെ നരഹത്യ കുറ്റം ചുമത്തിയാണ് എഫ്ഐആർ.  തന്റെ ഭാഗത്ത് പിഴവുണ്ടായതായി പൊലീസിനോട് പ്രജീഷ് സമ്മതിച്ചതായും വിവരമുണ്ട്. സിമൻ്റ് ലോറി ഡ്രൈവർ മഹീന്ദ്ര പ്രസാദിനെതിരെയും കേസുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe