പാറശാല ഷാരോൺ വധം: വിഷം നൽകിയത്‌ ഇന്റർനെറ്റിൽ തിരഞ്ഞശേഷം

news image
Nov 4, 2024, 4:42 am GMT+0000 payyolionline.in

തിരുവനന്തപുരം> പാറശാല ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്‌മ വിഷത്തിന്റെ പ്രവർത്തന രീതി ഇന്റർനെറ്റിൽ തിരഞ്ഞതായി പ്രോസിക്യൂഷൻ തെളിവ്‌ ഹാജരാക്കി. 2022 ഒക്ടോബർ 14ന്‌ രാവിലെ ഏഴരയോടെയാണ്‌ ഗ്രീഷ്‌മ പരാക്വാറ്റ്‌ എന്ന കളനാശിനി മനുഷ്യ ശരീരത്തിൽ എങ്ങിനെ പ്രവർത്തിക്കുമെന്ന്‌ ഇന്റർനെറ്റിൽ തെരഞ്ഞത്‌. അന്ന്‌ രാവിലെ പത്തരയോടെ ഷാരോണിന്‌ വിഷം നൽകി. 11 ദിവസത്തെ വിദഗ്ധ ചികിത്സ നൽകിയിട്ടും ഷാരോണിനെ രക്ഷിക്കാനായിരുന്നില്ല. 15 മില്ലി ലിറ്റർ വിഷം അകത്തെത്തിയാൽ മരണമുറപ്പാണെന്നും മറുമരുന്നില്ലാത്ത വിഷമാണ് ഇതെന്നും തിരുവനന്തപുരം മെഡിക്കൽ കോളേജ് ജനറൽ മെഡിസിൻ മേധാവി ഡോ. അരുണ കോടതിയിൽ മൊഴി നൽകി.

 

2022 ആഗസ്ത്‌ മാസത്തിൽ അമിത അളവിൽ പാരസെറ്റാമോ ജ്യൂസിൽ കലർത്തി നൽകിയിരുന്നു. അമിത അളവിൽ പാരസെറ്റാമോൾ ശരീരത്തിലെത്തിയാലുള്ള ദൂഷ്യവശങ്ങൾ ഇന്റർനെറ്റിൽ തെരഞ്ഞതിന്‌ ശേഷമാണ്‌ ഗ്രീഷ്‌മ ജ്യൂസിൽ മരുന്ന്‌ ചേർത്ത്‌ നൽകിയത്‌. ഇതിന്റെ തെളിവുകളും കോടതി രേഖപ്പെടുത്തി.

 

 

തിരുവനന്തപുരം ഫോറൻസിക് ലാബിൽ ഷാരോണിന്റെയും ഗ്രീഷ്മയുടെയും ഫോണുകളിൽ നിന്നും ഡിജിറ്റൽ തെളിവുകൾ വീണ്ടെടുത്തു. വീഡിയോകളും ഫോട്ടോകളും കണ്ടെടുത്തിട്ടുണ്ട്‌. തെളിവ് നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവൻ നിർമലകുമാരൻ നായരും കൂട്ടുപ്രതികളാണ്. പ്രോസിക്യൂഷന്‌ വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി എസ് വിനീത്കുമാർ ഹാജരായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe