‘പാര്‍ട്ടിയില്‍ അടിമത്തം, ഗോവിന്ദന്‍ മാഷിനു പോലും രക്ഷയില്ല’; പിണറായിക്കെതിരെ യുദ്ധപ്രഖ്യാപനവുമായി അന്‍വര്‍

news image
Sep 26, 2024, 3:57 pm GMT+0000 payyolionline.in

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ തുറന്നടിച്ച് പി വി അന്‍വര്‍ എംഎല്‍എ. പിണറായി വിജയനെ കണ്ടത് അച്ഛന്‍റെ സ്ഥാനത്താണ് എന്നിട്ടും അദ്ദേഹം എന്നെ ചതിച്ചെന്ന് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു. പിണറായി വിജയന്‍ എന്ന സൂര്യൻ കെട്ടുപോയി. മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്കായി. മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പ് വഹിക്കാനുള്ള അര്‍ഹത ഇല്ലെന്നും അന്‍വര്‍ ആഞ്ഞടിച്ചു. പാർട്ടിയിൽ അടിമത്തമാണെന്നും അന്‍വര്‍ കുറ്റപ്പെടുത്തുന്നു.

അഞ്ച് മിനിട്ട് നേരമേ മുഖ്യമന്ത്രിയുമായി സംസാരിച്ചുള്ളൂ. ഉള്ള് തുറന്ന് എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നു. എന്നാല്‍, നിസഹായാവസ്ഥയാണ് മുഖ്യമന്ത്രി  പ്രകടിപ്പിച്ചത്.  പി ശശി കാട്ടുകള്ളനാണ്. ആ കാട്ടുകള്ളനെ താഴെ ഇറക്കണമെന്ന് ഞാൻ നിശ്ചയിച്ചു. കത്തിജ്വലിച്ചു നിന്ന സൂര്യനായിരുന്നു പിണറായി വിജയന്‍. എന്നാല്‍, ആ സൂര്യൻ കെട്ടുപോയി. തെളിവ് നൽകിയിട്ടും വിജിലൻസ് അന്വേഷണത്തിന് 6 മാസം സമയം നൽകി. സ്പോട്ടിൽ സസ്പെൻഡ് ചെയ്യേണ്ട ആളാണ് അജിത്ത് കുമാർ. എന്നാൽ വിജിലൻസ് അന്വേഷണത്തിലുടെ ആറുമാസം കൂടി സമയം നൽകുകയാണ് ചെയ്തതെന്നും അന്‍വര്‍ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ പ്രതികരണ രീതിയെ തന്നെ പരിഹസിച്ച് കൊണ്ടായിരുന്നു അൻവറിന്‍റെ പ്രതികരണം. മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ച രീതി തെറ്റായിപ്പോയി. തന്നെ കള്ളകടത്തുകാരുടെ ആളായിട്ടാണ് മുഖ്യമന്ത്രി ചിത്രീകരിച്ചത്. മുഖ്യമന്ത്രിയുടെ പ്രസ്താവന തനിക്ക് വലിയ ഡാമേജ് ഉണ്ടാക്കി. മുഖ്യമന്ത്രിയെ പാർട്ടിയും തിരുത്തിയില്ലെന്ന് അൻവർ കുറ്റപ്പെടുത്തി.

കരിപ്പൂർ എയർപോർട്ട് സ്വർണക്കടത്ത് സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കാൻ മുഖ്യമന്ത്രി തയ്യാറുണ്ടോയെന്നും അൻവർ ചോദിച്ചു. പി ശശിയും എഡിജിപി അജിത് കുമാറും സുജിത്ത് ദാസും ചേർന്ന് എത്ര സ്വർണ്ണം തട്ടിയെടുത്തുവെന്ന് അന്വേഷിക്കണം. അതല്ല എഡിജിപി എം ആർ അജിത്ത് കുമാർ എഴുതി കൊടുക്കുന്ന വാറോല വായിക്കേണ്ട ഗതികേടിലാണോ മുഖ്യമന്ത്രിയെന്നും അൻവർ ചോദിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe