കശ്മീരിലെ പഹൽഗാമിലെ ഭീകരാക്രമണത്തെ തുടർന്ന് പാക്കിസ്ഥാനുമായുള്ള ബന്ധം പൂർണമായും അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ നടപടി, പാക്ക് സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത അടിയാകും. പഞ്ചാബിലെ അട്ടാരി അതിർത്തി അടയ്ക്കാനും സിന്ധു നദിയിലെ ഉൾപ്പെടെ ജല ഉപയോഗ കരാർ റദ്ദാക്കാനുമുള്ള തീരുമാനം പാക്കിസ്ഥാന്റെ വാണിജ്യ, വ്യാവസായിക മേഖലയെ സാരമായി ഉലയ്ക്കും.
പാക്കിസ്ഥാനിലെ കാർഷിക മേഖലയുടെ നട്ടെല്ലാണ് സിന്ധു, ഝലം, ചെനാബ് നദികളിൽ നിന്നുള്ള വെള്ളം. വൈദ്യുതി ഉൽപാദനത്തിനും പാക്കിസ്ഥാൻ പ്രധാനമായും ആശ്രയിക്കുന്നത് ഈ നദികളെയാണ്. ഫലത്തിൽ, നദീജലക്കരാറുകൾ നിർത്താനുള്ള ഇന്ത്യയുടെ നീക്കം പാക്കിസ്ഥാനെ സാരമായി വലയ്ക്കും.മുംബൈ ഭീകരാക്രമണത്തിനുശേഷം പാക്കിസ്ഥാനുമായി ക്രിക്കറ്റ് മത്സരം ഉൾപ്പെടെയുള്ള ഉഭയകക്ഷി ബന്ധങ്ങൾ ഇന്ത്യ അവസാനിപ്പിച്ചെങ്കിലും വാണിജ്യബന്ധം അട്ടാരി വഴി നിലനിന്നിരുന്നു. 2023-24ൽ 3.7 മില്യൻ ഡോളറിന്റെ ഉൽപന്നങ്ങളാണ് ഇന്ത്യ പാക്കിസ്ഥാനിൽ നിന്നു വാങ്ങിയത്. 2022-23ലെ 0.32 മില്യനിൽ നിന്നാണ് വളർച്ച. നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ 9 മാസക്കാലത്ത് ഇറക്കുമതി 12.3 മില്യനിൽ നിന്ന് 0.41 മില്യനിലേക്ക് കുറയുകയും ചെയ്തു.
ഇന്ത്യയിൽ നിന്ന് പാക്കിസ്ഥാൻ 2023-24ൽ 8.9% വളർച്ചയോടെ 206.89 മില്യൻ ഡോളറിന്റെ ഉൽപന്നങ്ങൾ വാങ്ങിയിരുന്നു. നടപ്പുവർഷത്തെ ആദ്യ 9 മാസത്തിൽ ഇതു 15.34 ശതമാനം വർധിച്ച് 176.31 മില്യൻ ഡോളറുമാണ്. കണക്കുകളിൽ ഇന്ത്യക്കാണ് മുൻതൂക്കമെങ്കിലും വാണിജ്യബന്ധം നിലയ്ക്കുന്നത് പാക്കിസ്ഥാനു തിരിച്ചടിയാകും.
പച്ചക്കറി, പയർവർഗങ്ങൾ, കാലിത്തീറ്റ, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ തുടങ്ങിയവയാണ് പാക്കിസ്ഥാൻ ഇന്ത്യയിൽ നിന്ന് പ്രധാനമായും വാങ്ങുന്നത്. മറിച്ച് ഇന്ത്യ പാക്കിസ്ഥാനിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത് സിമന്റ്, ഗ്ലാസ്, ജിപ്സം, ഉപ്പ് തുടങ്ങിയവയും. അട്ടാരി അതിർത്തിവഴി 2023-24ൽ ഇരു രാജ്യങ്ങളും തമ്മിൽ 3,886.53 കോടി രൂപയുടെ വ്യാപാരം നടന്നുവെന്നാണ് മറ്റു ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 71,500ലധികം പേർ അതിർത്തി കടന്നുയാത്രകളും നടത്തി.
എഫ്എടിഎഫ് ഗ്രേ ലിസ്റ്റിലേക്ക് വീണ്ടും?
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെ വീണ്ടും ഗ്രേ ലിസ്റ്റിൽ (എഫ്എടിഎഫ് കരിമ്പട്ടിക) ഉൾപ്പെടുത്താൻ രാജ്യാന്തര സമിതിയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്) നടപടിയെടുത്തേക്കും. ഇതിനായി ഇന്ത്യ ശക്തമായ സമ്മർദം ചെലുത്താനും സാധ്യതയുണ്ട്. ലോകത്ത് പണംതിരിമറി, ഭീകരവാദത്തിനുള്ള പണസഹായം എന്നിവയ്ക്കെതിരെ നടപടിയെടുക്കുന്ന രാജ്യാന്തര സമിതിയാണിത്.
എഫ്എടിഎഫിന്റെ ഗ്രേ ലിസ്റ്റിൽ നിന്ന് 2022ൽ പാക്കിസ്ഥാനെ ഒഴിവാക്കിയിരുന്നു. എഫ്എടിഎഫ് മുന്നോട്ടുവച്ച നിർദേശങ്ങൾ പാലിച്ചതു കണക്കിലെടുത്തായിരുന്നു ഇത്. പഹൽഗാം ആക്രമണത്തിനു പിന്നിലും പ്രവർത്തിച്ചത് പാക്കിസ്ഥാന്റെ കരങ്ങൾ തന്നെയാണെന്ന് ഇന്ത്യ ശക്തമായി വാദിക്കുന്നു എന്നിരിക്കെ, പാക്കിസ്ഥാനു മുന്നിൽ ഗ്രേ ലിസ്റ്റിലേക്കുള്ള വാതിൽ വീണ്ടും തുറക്കുകയാണ്. ഗ്രേ ലിസ്റ്റിൽ അകപ്പെട്ടാൽ അത് വ്യാപാര, നയതന്ത്ര ബന്ധങ്ങളെ ഗുരുതരമായി ബാധിക്കും.
പാക്കിസ്ഥാന്റെ ജിഡിപി വളർച്ച നടപ്പുവർഷം വെറും 2.7 ശതമാനമായിരിക്കുമെന്ന് കഴിഞ്ഞദിവസം ലോകബാങ്ക് വിലയിരുത്തിയിരുന്നു. ഇതിനു പിന്നാലെ ഇന്ത്യ സ്വീകരിച്ച കടുത്ത നടപടികളുടെ ആഘാതം കൂടിയാകുമ്പോൾ പാക്കിസ്ഥാനെ കാത്തിരിക്കുന്നത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയായിരിക്കുമെന്നാണ് വിലയിരുത്തലുകൾ.
തകർന്നടിഞ്ഞ് ഓഹരി വിപണി
പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യയെടുത്ത കടുത്ത നടപടികളുടെ പശ്ചാത്തലത്തിൽ പാക്കിസ്ഥാന്റെ ഓഹരി വിപണി ഇന്നു നേരിട്ടത് വൻ തകർച്ച. പാക്കിസ്ഥാൻ സ്റ്റോക്ക് എക്സ്ചേഞ്ചിലെ കെഎസ്ഇ100 സൂചിക 1,086 പോയിന്റിടിഞ്ഞാണ് വ്യാപാരം ചെയ്യുന്നത്.
ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാനുമേൽ വരുന്നതും ആഗോളതലത്തിൽ പാക്കിസ്ഥാനെതിരെ പ്രതിഷേധം ഉയർന്നേക്കാമെന്നതുമാണ് നിക്ഷേപകരെ വിൽപനസമ്മർദ്ദത്തിനു പ്രേരിപ്പിച്ചത്. അട്ടാരി അതിർത്തി അടയ്ക്കാനും നദീജലക്കരാറിൽ നിന്ന് പിന്മാറാനുമുള്ള ഇന്ത്യയുടെ തീരുമാനവും ഓഹരികളിൽ ഇടിവിനു വഴിയൊരുക്കി. പുറമെ, ലോകബാങ്കും ഐഎംഎഫും പാക്കിസ്ഥാന്റെ ജിഡിപി വളർച്ചാ അനുമാനം കുറച്ചതും തിരിച്ചടിയായി.