ലഹോര്‍: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ തേടി പാകിസ്ഥാനിലെത്തിയ ഇന്ത്യന്‍ യുവതി വിവാഹിതയായെന്നുള്ള റിപ്പോര്‍ട്ടുകള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. രാജസ്ഥാന്‍ സ്വദേശി അഞ്ജുവാണ് ഇസ്ലാം മതത്തിലേക്ക് മാറിയ ശേഷം കാമുകന്‍ നസ്റുല്ലയെ വിവാഹം കഴിച്ചതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുവരും ഒരുമിച്ച് നടക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലേക്കാണ് യുവതി ഇന്ത്യയില്‍ നിന്ന് എത്തിയത്.
വിസയും പാസ്പോര്‍ട്ടുമടക്കം നിയമപരമായാണ് യുവതി പാകിസ്ഥാനിലെത്തിയത്. മതപരിവർത്തനത്തിന് ശേഷം ഫാത്തിമ എന്ന പേരും സ്വീകരിച്ചു. അപ്പർ ദിറിലെ ജില്ലാ കോടതിയിലാണ് നടന്ന നിക്കാഹ് ചടങ്ങുകള്‍ നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. വിവാഹത്തിന് ശേഷം ഇരുവരും ‘അഞ്ജു വിത്ത് നസ്‌റുല്ല’ എന്ന പേരിൽ ഒരു വീഡിയോയും പുറത്തിറക്കി. ഇതിന് പിന്നാലെ ഇരുവരും പാകിസ്ഥാനിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന്‍റെ വീഡിയോ കൂടെ പുറത്ത് വന്നിട്ടുണ്ട്.
രേഖകള്‍ കൃത്യമായതിനാൽ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. അതേസമയം രാജസ്ഥാനിലുള്ള അഞ്ജുവിന്റെ ഭർത്താവ് അരവിന്ദ് ഭാര്യ ഉടൻ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ്. 2007ലാണ് അഞ്ജുവും അരവിന്ദും വിവാഹിതരായത്. ഇവർക്ക് 15 വയസ്സുള്ള ഒരു മകളും ആറ് വയസ്സുള്ള ഒരു മകനുമുണ്ട്. കുറച്ച് ദിവസത്തേക്ക് ജയ്പൂരില്‍ ഒരു സുഹൃത്തിന്റെ അടുത്ത് പോവുകയാണെന്ന് പറഞ്ഞാണ് അഞ്ജു വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് ഭര്‍ത്താവ് അരവിന്ദ് പറഞ്ഞു. എന്നാല്‍ ഭാര്യ പാകിസ്ഥാനിലെത്തിയെന്ന വിവരം ഞായറാഴ്ച മാധ്യമങ്ങളിലൂടെയാണ് അരവിന്ദ് അറിഞ്ഞത്.