ബംഗളൂരു: പാകിസ്താന് എതിരെ ഇന്ത്യൻ സൈന്യത്തിന്റെ വിജയകരമായ ഓപറേഷൻ യുവാക്കൾ ചേർന്ന് ആഘോഷിക്കുന്നതിനിടെ പാകിസ്താൻ സിന്ദാബാദ് മുഴക്കിയ സംഭവത്തിൽ ഒരാളെ പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു. ഛത്തിസ്ഗഢ് സ്വദേശി ശുഭാംശു ശുക്ലയെയാണ് (26) ബംഗളൂരു വൈറ്റ്ഫീൽഡ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. പ്രശാന്ത് ലേഔട്ടിൽ ഒരുകൂട്ടം യുവാക്കൾ ഇന്ത്യൻ സൈന്യത്തിന്റെ വിജയകരമായ ഓപറേഷൻ ആഘോഷിക്കുന്നതിനിടെ അടുത്തുള്ള പി.ജി താമസസ്ഥലത്തിന്റെ ബാൽക്കണിയിൽനിന്ന് പാകിസ്താൻ സിന്ദാബാദ് വിളി ഉയർന്നു.
ബാൽക്കണിയിൽ രണ്ടുപേർ നിൽക്കുന്നത് കണ്ട യുവാക്കൾ ഉടൻ എമർജൻസി ഹെൽപ് ലൈൻ വഴി പൊലീസിനെ വിവരമറിയിച്ചു. വൈറ്റ്ഫീൽഡ് പൊലീസ് സ്ഥലത്തെത്തി ബാൽക്കണിയിൽ നിന്ന ഇരുവരെയും കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ശുഭാംശു ശുക്ലയാണ് വിവാദ മുദ്രാവാക്യങ്ങൾ വിളിച്ചതെന്ന് സ്ഥിരീകരിച്ചു. ബംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നയാളാണ് ശുക്ല എന്നാണ് പൊലീസിനോട് പറഞ്ഞത്. യുവാവിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരുകയാണ്.