ബെയ്ജിങ്: ഏപ്രിൽ 22ലെ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ- പാക് സംഘർഷം യുദ്ധത്തോളമെത്തിനിൽക്കെ പുതിയ നീക്കവുമായി ചൈന. സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന പാക് ആവശ്യത്തെ പിന്തുണക്കുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും പാകിസ്താന്റെ ഭീകരവിരുദ്ധ നീക്കങ്ങളെ പിന്തുണക്കുന്നുവെന്നും ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭീകരാക്രമണത്തിനു പിന്നാലെ നടപടി കടുപ്പിച്ച ഇന്ത്യ സിന്ധുനദീജല കരാർ റദ്ദാക്കുകയും വാഗ-അട്ടാരി അതിർത്തി അടക്കുകയും ചെയ്തിരുന്നു. സാർക് വിസ ഇളവും അവസാനിപ്പിച്ചു. സൈനിക നീക്കവും നടത്തിയേക്കുമെന്ന സൂചനകൾക്കിടെയാണ് ചൈന പാകിസ്താന് പിന്തുണ നൽകുന്ന പ്രസ്താവനയുമായി എത്തിയത്.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി കൈക്കൊണ്ട കടുത്ത നയതന്ത്ര നീക്കങ്ങൾക്ക് പിന്നാലെ സൈനിക നടപടിക്കുള്ള നീക്കങ്ങളിലാണ് ഇന്ത്യ. സൈനിക തിരിച്ചടി ഉണ്ടാകുമെന്നും അതിനായി ഒരുങ്ങിക്കഴിഞ്ഞുവെന്നും മുതിർന്ന സർക്കാർ ഉറവിടങ്ങളെ ഉദ്ധരിച്ച് ‘ഇന്ത്യൻ എസ്സ്പ്രസ്’ റിപ്പോർട്ട് ചെയ്തു. ഏതുതരത്തിലുള്ള ആക്രമണമാണ് നടത്തേണ്ടത് എന്ന കാര്യമാണ് ഇപ്പോൾ ചർച്ച ചെയ്യുന്നതെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. 2019 മുതൽ സൈനിക സന്നാഹങ്ങളും ആയുധങ്ങളും ആധുനിക വത്കരിക്കുന്ന നടപടിയിലായിരുന്നുവെന്നും രാജ്യത്തിനകത്ത് നിന്നുകൊണ്ട് തന്നെ ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിടാനുള്ള ശേഷിയുണ്ടെന്നും ഉന്നതവൃത്തങ്ങൾ തുടർന്നു.
സൈനിക നടപടിയുണ്ടാകുമെന്ന വെളിപ്പെടുത്തലിന് പിന്നാലെ ഞായറാഴ്ച രാജ്യതലസ്ഥാനത്ത് നിർണായകമായ ചില കൂടിക്കാഴ്ചകളും നടന്നു. ഞായറാഴ്ച വൈകീട്ട് സംയുക്ത സൈനിക മേധാവി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ കൂടിക്കാഴ്ച നടത്തി. സേനാമേധാവിയുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞ് പ്രതിരോധ മന്ത്രി നേരെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് പോയി. പ്രധാനമന്ത്രിയുമായി രാജ്നാഥ് കൂടിക്കാഴ്ച നടത്തി.
പാകിസ്താനോട് ചേർന്നുകിടക്കുന്ന പഞ്ചാബിലെ അതിർത്തി പ്രദേശങ്ങളിൽ 48 മണിക്കൂറിനകം കൊയ്ത്ത് പൂർത്തിയാക്കി വയലുകൾ കാലിയാക്കാൻ അതിർത്തി രക്ഷാസേന നിർദേശം നൽകി. തരൺ തരൺ, ഫിറോസ്പൂർ, ഫസീൽക ജില്ലകളിലെ കർഷകരാണ് ബി.എസ്.എഫിൽനിന്ന് ഇത്തരമൊരു നിർദേശം ലഭിച്ചതായി പറഞ്ഞത്. അതേസമയം ബി.എസ്.എഫ് ഇത് നിഷേധിക്കുകയാണ്. അതിർത്തി ഭാഗത്തേക്കുള്ള ഗേറ്റുകൾ ഉടൻ അടക്കുമെന്നും ബി.എസ്.എഫ് വ്യക്തമാക്കിയിട്ടുണ്ട്.