ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്താനു ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ തടയാൻ ഇന്ത്യ. പാകിസ്താനെ വീണ്ടും ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനും ഐ.എം.എഫ് സാമ്പത്തികസഹായം നല്‍കുന്നത് തടയുന്നതിനുമുള്ള നടപടി സ്വീകരിക്കാന്‍ ഇന്ത്യ ശ്രമം തുടങ്ങി.
രണ്ട് നടപടികളാണ് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടാകുക. പാകിസ്താനെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ ഗ്രേ ലിസ്റ്റില്‍ തിരികെ കൊണ്ടുവരുന്നതിനുള്ള നീക്കമാണ് ആദ്യത്തേത്. മറ്റൊന്ന് അന്താരാഷ്ട്രനാണ്യനിധിയുടെ (ഐ.എം.എഫ്) സാമ്പത്തിക പാക്കേജ് മരവിപ്പിക്കുക എന്നതാണ്.നിലവിൽ കടുത്ത സാമ്പത്തിക പ്രിസന്ധിയിലൂടെ കടന്നു പോകുന്ന പാകിസ്താന് ഈ നീക്കം വൻ ആഘാതമായിരിക്കും. ആഗോളതലത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം എന്നിവ നിരീക്ഷിക്കുന്ന സ്ഥാപനമാണ് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് (എഫ്.എ.ടി.എഫ്). ഗ്രേലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍ പാകിസ്താനിലേക്കുള്ള വിദേശനിക്ഷേപങ്ങളിലും അനധികൃത പണമൊഴുക്കിലും നിയന്ത്രണം ഉണ്ടാകും. പാകിസ്താന്‍ നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ക്ക് സൂക്ഷ്മമായ നിരീക്ഷണം ഏര്‍പ്പെടുത്തും. 2018ജൂണ്‍ മുതല്‍ പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ പെടുത്തിയിരുന്നു. 2022ല്‍ ഒക്ടോബറിലാണ് ഗ്രേ ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്തത്.
എന്നാല്‍ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് മറ്റ് അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. വര്‍ഷത്തില്‍ മൂന്ന് തവണ ചേരുന്ന എഫ്.എ.ടി.എഫിന്റെ പ്ലീനറിയാണ് തീരുമാനമെടുക്കുക. 38 രാജ്യങ്ങളും രണ്ട് സംഘടനകളും ഉള്‍പ്പെടെ 40 അംഗങ്ങളുണ്ട് സംഘടനയിൽ. 2024 ജൂലൈയില്‍ തുടങ്ങിയ ഏഴു ബില്യൻ ഡോളര്‍ പാക്കേജ് തടയണമെന്ന ആവശ്യവും ഇന്ത്യ ഉന്നയിക്കും.
പുറത്തുനിന്ന് ലഭിക്കുന്ന ഫണ്ട് ഭീകരാക്രമണത്തിനു ഉപയോഗിക്കുന്നുണ്ട് എന്നാണ് ഇന്ത്യയുടെ ആരോപണം. നിലവിലെ സാമ്പത്തികസാഹചര്യങ്ങളില്‍ രണ്ടുനടപടികളും പാകിസ്താന് ശക്തമായ തിരിച്ചടിയാകും എന്നാണ് കരുതപ്പെടുന്നത്.