ലാഹോർ: പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരെ സ്വാതന്ത്ര്യസമരസേനാനികളെന്ന് വിശേഷിപ്പിച്ച് പാകിസ്താൻ ഉപപ്രധാനമന്ത്രി ഇഷ്‍ക് ദർ. ജമ്മുകശ്മീരിൽ ആക്രമണം നടത്തിയ ഭീകരർ ചിലപ്പോൾ സ്വാതന്ത്ര്യസമരസേനാനികളാവാമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കഴിഞ്ഞ ദിവസം നടത്തിയ വാർത്തസമ്മേളനത്തിനിടെയാണ് ഉപപ്രധാനമന്ത്രിയുടെ പ്രസ്താവനയുണ്ടായത്.
സിന്ധു നദിജല കരാർ റദ്ദാക്കിയതിലുംഅദ്ദേഹം പ്രതികരണം നടത്തി. പാകിസ്താനിലെ 240 മില്യൺ ജനങ്ങൾക്ക് വെള്ളം വേണം. അത് നിങ്ങൾക്ക് തടയാനാവില്ല. അങ്ങനെ തടയുകയാണെങ്കിൽഅത് യുദ്ധപ്രഖ്യാപനമായി കണക്കാക്കുമെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ പ്രഖ്യാപിച്ച കടുത്ത നടപടികൾക്ക് ബദലായി നടപടികൾ പ്രഖ്യാപിച്ച് പാകിസ്താനും. അടിയന്തരമായി വ്യോമ മേഖല അടക്കാൻ പാകിസ്താൻ തീരുമാനിച്ചതായാണ് പുറത്തുവരുന്ന വിവരം. ഇതോടെ ഇന്ത്യൻ വിമാന കമ്പനികൾക്കും ഇന്ത്യയിലേക്ക് സർവിസ് നടത്തുന്ന കമ്പനികൾക്കും പാകിസ്താൻ വ്യോമ പാത ഉപയോഗിക്കാനാകില്ല.
ഇന്ത്യയുമായുള്ള എല്ലാ വ്യാപാര ബന്ധം വിച്ഛേദിക്കാനും പാകിസ്താൻ തീരുമാനിച്ചു. ഷിംല കരാറും റദ്ദാക്കും. പാകിസ്താൻ വഴി ഇന്ത്യയിലേക്കും ഇന്ത്യയിൽനിന്ന് പാകിസ്താൻ വഴി മൂന്നാംലോക രാജ്യങ്ങളിലേക്കുമുള്ള ചരക്കുനീക്കവും റദ്ദാക്കി. പാകിസ്താനിൽനിന്നുള്ള ഇന്ത്യൻ പൗരന്മാരോട് ഉടൻ മടങ്ങാനും നിർദേശം നൽകിയിട്ടുണ്ട്.