പഴയ വാഹനങ്ങൾക്ക്‌ ഇന്ധനം നിഷേധിക്കൽ: ഉത്തരവ്‌ മരവിപ്പിച്ച്‌ ഡൽഹി സർക്കാർ

news image
Jul 6, 2025, 12:34 pm GMT+0000 payyolionline.in

ന്യൂഡൽഹി: പത്ത്‌ വർഷമായ ഡീസൽ വാഹനങ്ങൾക്കും 15 വർഷമായ പെട്രോൾ വാഹനങ്ങൾക്കും ഇന്ധനം നിഷേധിക്കാനുള്ള ഉത്തരവ്‌ ജനരോഷത്തെ തുടർന്ന്‌ ഡൽഹിയിലെ ബിജെപി സർക്കാർ മരവിപ്പിച്ചു. ഇന്ധനം നിഷേധിക്കൽ ഉത്തരവ്‌ തൽക്കാലത്തേക്ക്‌ മരവിപ്പിച്ചുനിർത്താൻ ആവശ്യപ്പെട്ട്‌ വായുനിലവാര മേൽനോട്ട കമീഷന്‌ കത്തയച്ചതായി ഡൽഹി പരിസ്ഥിതി മന്ത്രി മഞ്‌ജീന്ദർ സിങ്‌ സിർസ അറിയിച്ചു. ഇന്ധനം നിഷേധിക്കൽ പോലുള്ള തീരുമാനം നടപ്പാക്കുക എളുപ്പമല്ലെന്ന്‌ സിർസ മാധ്യമങ്ങളോട്‌ പറഞ്ഞു.

 

15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും ഇന്ധനം നൽകരുതെന്നായിരുന്നു സർക്കാർ നിർദേശം. വായു മലിനീകരണം ലഘൂകരിക്കുന്നതിന്റെ ഭാ​ഗമായാണ് ജൂലായ് ഒന്നു മുതൽ കാലപ്പഴക്കം ചെന്ന വാഹനങ്ങൾക്ക് കർശന നിയന്ത്രണം ഡൽഹി സർക്കാർ ഏർപ്പെടുത്തിയത്. ഇത്തരം വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്നായിരുന്നു പമ്പുടമകൾക്ക് നൽകിയ നിർദേശം.

 

കാലപ്പഴക്കം ചെന്ന വാഹനങ്ങൾക്ക് ഇന്ധനം നൽകുന്നത് തടയുന്നതിനുള്ള സംവിധാനങ്ങൾ ‍പെട്രോൾ പമ്പുകളിൽ സജ്ജീകരിക്കുകയും ചെയ്തു. പെട്രോൾ, ഡീസൽ വാഹനങ്ങളുടെ കാലപ്പഴക്കം നിർണയിക്കുന്നതിനുള്ള ഓട്ടമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ ക്യാമറകൾ (എഎൻപിആർ) എല്ലാ പമ്പുകളിലും സ്ഥാപിക്കുകയായിരുന്നു. പമ്പുകളിൽ ക്രമസമാധന പ്രശ്നമുണ്ടാകുന്നത് നിയന്ത്രിക്കാൻ പോലീസുകാരെ വിന്യസിക്കുകയും ചെയ്തു. എന്നാൽ വലിയ പ്രതിഷേധം ഉയർന്നതോടെ തീരുമാനത്തിൽ നിന്ന് പിന്മാറുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe