പഴങ്ങൾ കേടുവരാതിരിക്കാനുള്ള പ്രധാന മാർഗം ഫ്രീസറിൽ സൂക്ഷിക്കുകയെന്നതാണ്. വേനൽക്കാലം എത്തിയതോടെ പഴങ്ങളുടെ ആവശ്യം വർധിച്ചു വരികയാണ്. അതിനാൽ തന്നെ കേടുവരാതിരിക്കാൻ എങ്ങനെയാണ് പഴങ്ങൾ ഫ്രീസറിൽ സൂക്ഷിക്കേണ്ടതെന്ന് അറിയാം. ഫ്രീസ് ചെയ്ത പഴങ്ങൾകൊണ്ട് നിരവധി ഉപയോഗങ്ങളാണ് ഉള്ളത്. സ്മൂത്തിയായും, ജാം ഉണ്ടാക്കാനും നേരിട്ടെടുത്ത് കഴിക്കാനുമൊക്കെ ഇത് നല്ലതാണ്. പഴുക്കാനായ പഴങ്ങൾ ഫ്രീസറിൽ വെച്ചാൽ നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ എടുത്ത് ഉപയോഗിക്കാൻ സാധിക്കും.

എങ്ങനെയാണ് ഫ്രീസറിൽ പഴങ്ങൾ സൂക്ഷിക്കേണ്ടത്
1. പഴുക്കാൻ തുടങ്ങിയ പഴങ്ങളാണ് ഫ്രീസറിൽ സൂക്ഷിക്കേണ്ടത്. അമിതമായി പഴുത്തവയോ കേടുവന്നതോ ഫ്രീസറിൽ സൂക്ഷിക്കരുത്.
2. പഴങ്ങൾ നന്നായി കഴുകാൻ ശ്രദ്ധിക്കണം. കഴുകി കഴിഞ്ഞാൽ ഈർപ്പമില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം. ഈർപ്പം തങ്ങി നിന്നാൽ പഴങ്ങൾ കേടുവരാൻ സാധ്യതയുണ്ട്.
3. ആവശ്യമെങ്കിൽ പഴങ്ങൾ തൊലി കളഞ്ഞോ മുറിച്ചോ ഫ്രീസറിൽ സൂക്ഷിക്കാവുന്നതാണ്.
4. പഴങ്ങൾ ഫ്രീസറിൽ സൂക്ഷിക്കുമ്പോൾ അവ പരസ്പരം മുട്ടാത്ത വിധത്തിൽ സൂക്ഷിക്കണം. അല്ലെങ്കിൽ ഇത് ഐസ് പോലെ പരസ്പരം ഉറഞ്ഞു പോകാൻ സാധ്യതയുണ്ട്.
5. പഴങ്ങൾ ഫ്രീസറിൽ 4 മണിക്കൂറോളം സൂക്ഷിക്കണം. ഇത് കട്ടിയായതിന് ശേഷം വായു കടക്കാത്ത സ്റ്റോറേജ് ബാഗിലാക്കി ഫ്രീസറിൽ തന്നെ സൂക്ഷിക്കാവുന്നതാണ്.
6. ബെറീസ് സൂക്ഷിക്കുമ്പോൾ അതിന്റെ തണ്ടുകൾ മുറിച്ചുമാറ്റാൻ മറക്കരുത്. പഴം, തൊലി കളഞ്ഞതിന് ശേഷം കഷ്ണങ്ങളാക്കി മുറിച്ച് വയ്ക്കാം.
7. ആപ്പിൾ, പിയർ തുടങ്ങിയ പഴങ്ങൾ സൂക്ഷിക്കുമ്പോൾ അവ മുറിച്ചെടുത്തതിന് ശേഷം അതിലേക്ക് നാരങ്ങ നീരുകൂടെ ഒഴിച്ചുകൊടുക്കണം. ഇങ്ങനെ ചെയ്താൽ ആപ്പിളിൽ നിറവ്യത്യാസം ഉണ്ടാവില്ല.
8. ഫ്രീസറിൽ സൂക്ഷിക്കുന്ന പഴങ്ങൾ 8 മുതൽ 12 മാസം വരെ കേടുവരാതിരിക്കും. ഫ്രീസറിൽ നിന്നും എടുത്തതിന് ശേഷം ഫ്രിഡ്ജിലോ അല്ലെങ്കിൽ പുറത്തോ കുറച്ച് നേരം വെച്ചതിന് ശേഷം ഉപയോഗിക്കാവുന്നതാണ്.