ബെംഗളൂരു∙ ഇസ്രയേൽ – ഹമാസ് സംഘർഷം തുടരുന്നതിനിടെ, പലസ്തീനെ പിന്തുണച്ച് വാട്സാപ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്തതിന് കർണാകയിൽ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കർണാടകയിലെ വിജയനഗർ ജില്ലയിൽ ആലം പാഷ (20) യെയാണ് കസ്റ്റഡിയിലെടുത്തത്.
ഇസ്രയേൽ – ഹമാസ് സംഘർഷത്തിനിടെ വിജയനഗറിലെ ഹോസ്പേട്ടിൽ ചിലർ പലസ്തീനിനു പിന്തുണ നൽകുന്നതായി പൊലീസിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഹോസ്പേട്ടിലെ ക്രമസമാധാനം തകർക്കാൻ സാധ്യതയുള്ള ‘ദേശവിരുദ്ധ’ വിഡിയോകൾ പ്രചരിപ്പിക്കുന്നതായി കണ്ടെത്തി.
ഇത്തരം വിഡിയോകൾ കൂടുതൽ പ്രചരിപ്പിക്കുന്നത് തടയാനാണ് മുൻകരുതൽ നടപടിയെന്ന നിലയിൽ ആലം പാഷയെ കസ്റ്റഡിയിലെടുത്തത്. രാജ്യദ്രോഹ കാര്യങ്ങൾ പ്രചരിപ്പിച്ചതിന് ആലം പാഷയ്ക്കെതിരെ കേസെടുത്തു. ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്ത ഇയാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.