പരീക്ഷ കടുക്കും; ‘H’ ഇട്ടാൽ മാത്രം ഇനി ലൈസൻസ് കിട്ടില്ല: മന്ത്രി കെ ബി ​ഗണേഷ് കുമാർ

news image
Jan 4, 2024, 3:29 pm GMT+0000 payyolionline.in

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് പരിഷ്കരിക്കുമെന്ന് ​ഗതാ​ഗത മന്ത്രി കെ ബി ​ഗണേഷ് കുമാർ. ഈ ആഴ്ച മുതൽ ഡ്രൈവിങ് ടെസ്റ്റ് കർശനമാക്കുമെന്നും അനുവദിക്കുന്ന ലൈസൻസുകളുടെ എണ്ണം കുറക്കുമെന്നും അദ്ദേഹം പറഞ്ഞു. ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് കൊണ്ട് കാര്യമില്ലെന്നും വ്യാജ സർട്ടിഫിക്കറ്റ് നൽകി വീണ്ടും ലൈസൻസ് എടുക്കുന്ന പ്രവണതയുണ്ടെന്നും മന്ത്രി പറഞ്ഞു.

ലൈസൻസ് കൊടുക്കുന്ന നടപടി കർശനമാക്കും. ദിവസവും അഞ്ഞൂറ് ലൈസൻസ് കൊടുത്ത് ​ഗിന്നസ് ബുക്കിൽ കേറാൻ ആ​ഗ്രഹിക്കുന്നില്ല. ലൈസൻസ് എന്ന് പറഞ്ഞാൽ ലൈസൻസ് ആയിരിക്കണം. എച്ച് മാത്രമെടുത്തിട്ട് കാര്യമില്ല. വണ്ടി റിവേഴ്സ് എടുക്കണം. പാർക്ക് ചെയ്യണം, റിവേഴ്സ് എടുത്ത് പാർക്ക് ചെയ്ത് കാണിക്കണമെന്നും മന്ത്രി പറഞ്ഞു. താൻ ​ഗൾഫിൽ പോയി ലൈസൻസ് എടുത്തപ്പോൾ ഇതെല്ലാം ചെയ്തിട്ടാണ് ലൈസൻസ് നൽകിയതെന്നും അദ്ദേഹം പറ‍ഞ്ഞു.

ടെസ്റ്റ് നടത്തുന്ന വാഹനങ്ങളിൽ ക്യാമറ സ്ഥാപിക്കും. അതിനുള്ള നിർദേശം നൽകിയിട്ടുണ്ട്. സ്ത്രീകളോട് മോശമായി ഉദ്യോ​ഗസ്ഥർ പെരുമാറുന്നുവെന്ന പരാതിയെ തുടർന്നാണ് നടപടി. വ്യാപകമായി ലൈസൻസ് കൊടുക്കുന്നവർ ആ സ്ഥാനത്തുണ്ടാകില്ല. തെറ്റുവരുത്തിയാൽ ലൈസൻസ് കിട്ടില്ല. കേരളത്തിലെ ലൈസൻസിന് അന്തസുണ്ടാകും. ഇത് മനുഷ്യജീവന്റെ പ്രശ്നമാണ്. പലർക്കും ലൈസൻസുണ്ട്. പക്ഷേ ജീവിതത്തിൽ ഓടിക്കാൻ അറിയില്ല. പലർക്കും പാർക്ക് ചെയ്യാൻ അറിയില്ല. എല്ലാ കാര്യങ്ങളിലും വിജയിച്ചാൽ മാത്രമേ ലൈസൻസ് അനുവദിക്കൂവെന്നും ലൈസൻസ് നേരിട്ട് കൊടുക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി മാധ്യമപ്രവർകരോട് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe