കൊച്ചി: കൊച്ചിയിൽ ലഹരി മരുന്ന് പരിശോധനക്കിടെ ഓടിരക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ഇന്ന് പൊലീസ് നോട്ടീസ് അയക്കും. പരിശോധനക്കിടെ എന്തിന് ഓടിപ്പോയെന്ന് താരം നേരിട്ടെത്തി വിശദീകരിക്കണം. ഷൈനിനെ ഫോണില്‍ കിട്ടാത്തതിനാല്‍ തൃശൂരിലെ വീട്ടിലേക്ക് നോട്ടീസ് എത്തിക്കാനാണ് കൊച്ചി പൊലീസിന്‍റെ തീരുമാനം. ഒരാഴ്ചയ്ക്കകം സിറ്റി പൊലീസ് കമ്മിഷണര്‍ക്കു മുന്നില്‍ ഹാജരാകണമെന്ന് ആവശ്യപ്പെടും. റെയ്ഡ് നടന്ന ഹോട്ടലില്‍ നിന്ന് മറ്റൊരു ഹോട്ടലിലെത്തി മുറിയെടുത്ത ഷൈന്‍ അവിടെ നിന്ന് തൃശൂര്‍ വഴി കടന്നു കളഞ്ഞെന്നാണ് പൊലീസ് കണ്ടെത്തല്‍. ഫോണില്‍ വിളിച്ചിട്ടും പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം രാത്രിയാണ് പൊലീസിന്റെ ലഹരി പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഇറങ്ങിയോടിയത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ പരിശോധന നടത്തുന്നതിനിടെയാണ് സംഭവമുണ്ടായത്. ഷൈനും സംഘവും ലഹരി ഉപയോഗിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഹോട്ടലിലെ പരിശോധന. 314 നമ്പർ മുറിയിലായിരുന്നു ഷൈൻ ഉണ്ടായിരുന്നത്. ഡാൻസാഫ് സംഘം എത്തിയെന്നറിഞ്ഞ ഷൈൻ മൂന്നാം നിലയിലെ മുറിയിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ലഹരി പരിശോധനക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഹോട്ടലിൽ നിന്നും ഇറങ്ങിയോടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു.
കലൂരിലുള്ള പിജിഎസ് വേദാന്ത എന്ന ഹോട്ടലിന്റെ മൂന്നാം നിലയിലെ മുറിയുടെ ജനാല വഴി ഷൈൻ രണ്ടാം നിലയിലെ ഷീറ്റിന് മുകളിലേക്ക് ചാടി. ചാട്ടത്തിന്റെ ആഘാതത്തിൽ ഷീറ്റ് പൊട്ടി. തുടർന്ന് രണ്ടാം നിലയിലെ സ്വിമ്മിംഗ് പൂളിലേക്ക് ചാടി. ഇവിടെ നിന്നും സ്റ്റെയർകെയ്സ് വഴി ഷൈൻ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ഷൈൻ താമസിക്കുന്ന സ്ഥലത്ത് എത്തിയത്. റെയ്ഡ് വിവരം ചോർന്നതിന് പിന്നിൽ ഹോട്ടൽ ജീവനക്കാർക്ക് പങ്കുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ജീവനക്കാരുടെയും മൊഴിയും പൊലീസ് ശേഖരിക്കും.
അതേ സമയം, ഷൈനിനെതിരെ ഉന്നയിച്ച ആരോപണത്തില്‍ മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് എക്സൈസ് അധികൃതര്‍ നടി വിന്‍സിയുടെ കുടുംബത്തെ സമീപിച്ചെങ്കിലും അന്വേഷണ ഏജന്‍സികളുമായി സഹകരിക്കാനില്ലെന്ന നിലപാടിലാണ് കുടുംബം.