പരസ്യമായി മദ്യപിച്ച മലയാളികള്‍ ഉള്‍പ്പെടെ യുഎഇയില്‍ പിടിയില്‍; പരിശോധന ശക്തമാക്കി അധികൃതര്‍

news image
Aug 19, 2023, 10:48 am GMT+0000 payyolionline.in

അബുദാബി: പരസ്യമായി മദ്യപിച്ച മലയാളികളടക്കം നിരവധി വിദേശികള്‍ അബുദാബിയില്‍ അറസ്റ്റില്‍. മുസഫ ഷാബിയ 12ല്‍ ഇന്നലെ നടന്ന പരിശോധനയിലാണ് പൊതുസ്ഥലങ്ങളില്‍ മദ്യപിച്ചവര്‍ പിടിയിലായത്. അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

താമസസ്ഥലങ്ങള്‍ക്ക് സമീപം തുറസ്സായ സ്ഥലങ്ങളില്‍ മദ്യപിച്ചതിനാണ് ഇവരെ പിടികൂടിയത്. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. പരസ്യ മദ്യപാനത്തിന്‍റെ പശ്ചാത്തലത്തില്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ് അധികൃതര്‍. ലേബര്‍ ക്യാമ്പ്, ബാച്ചിലേഴ്‌സിന്റെ താമസ സ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന. കോടതി വിധി പ്രകാരം തടവുശിക്ഷയോ പിഴയോ ഇവ രണ്ടും ഒന്നിച്ചോ ശിക്ഷ ലഭിക്കും. വ്യക്തിഗത ആവശ്യത്തിന് മദ്യം വാങ്ങാന്‍ (മുസ്ലിം അല്ലാത്തവര്‍ക്ക്)യുഎഇയില്‍ അനുമതിയുണ്ട്. എന്നാല്‍ തുറസ്സായ സ്ഥലങ്ങളില്‍ മദ്യപിക്കരുത്.

താമസസ്ഥലത്തോ അംഗീകൃത ഹോട്ടലിലോ ടൂറിസം കേന്ദ്രങ്ങളിലോ മദ്യപാനം അനുവദിക്കും. വ്യക്തികള്‍ മദ്യം വില്‍ക്കുന്നതും വാങ്ങി ശേഖരിക്കുന്നതും നിയമലംഘനമാണ്. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്ക് തടവും 50,000 ദിര്‍ഹം വരെ പിഴയുമാണ് ശിക്ഷ. എന്നാല്‍ ഷാര്‍ജ എമിറേറ്റില്‍ മദ്യം വാങ്ങുന്നതും ഉപയോഗിക്കുന്നതും കുറ്റകരമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe