പയ്യോളി: പയ്യോളി മുൻസിപ്പാലിറ്റിയുടെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ പയ്യോളി നഗരസഭ ഹാളിൽ ചിങ്ങം 1 കർഷക ദിനം ആഘോഷിച്ചു. പയ്യോളി നഗരസഭ ചെയർമാൻ വി കെ അബ്ദുറഹ്മാൻ പരിപാടി ഉദ്ഘാടനം നിർവഹിച്ചു. കർഷക ദിനാഘോഷത്തോടനുബന്ധിച്ച് പയ്യോളി മുൻസിപ്പാലിറ്റിയിലെ ഏറ്റവും മികച്ച 12 കർഷകരെ ആദരിച്ചു. ചാത്തപ്പൻ കെ. ടി (മുതിർന്ന കർഷകൻ), മുഹമ്മദ് പുതിയെടുത്ത് ( മുതിർന്ന കർഷകൻ), പി എം ബാലൻ (എസ് സി വിഭാഗത്തിലെ മികച്ച കർഷകൻ) ബാബു സി.ടി കീഴലത്ത് (എസ് സി വിഭാഗത്തിലെ മികച്ച കർഷകൻ) , ഹരിരാജ് മഠത്തിൽ (യുവകർഷകൻ), രാജീവൻ കെ ടി (ജൈവകർഷകൻ), ജയശ്രീ (വനിതാ കർഷക), പി എം ലളിത (ക്ഷീരകർഷക) എന്നീ വിഭാഗത്തിലും വിദ്യാർത്ഥി കർഷകൻ വിഭാഗത്തിൽ മുഹമ്മദ് സൽമാൻ (കുഞ്ഞാലിമരക്കാർ എച്ച്എസ്എസ് കോട്ടക്കൽ), അനന്തിക സി ടി, പുണ്യ, റിണോഷ് ( അയനിക്കാട് വെസ്റ്റ് യുപി സ്കൂൾ) എന്നിവരെയും ആദരിച്ചു.
വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളി വളപ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പയ്യോളി കൃഷി ഓഫീസർ ഷിബിന പി സ്വാഗതം പറഞ്ഞു. പിന്നീട് കൃഷിവകുപ്പിന്റെ പദ്ധതികളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു. പയ്യോളി നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം ഹരിദാസൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം റിയാസ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷജ്മിന അസൈനാർ, ഡിവിഷൻ കൗൺസിലറായ സിപി ഫാത്തിമ, വികസന സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ ഷെഫീഖ് വടക്കയിൽ, കായിരിക്കണ്ടി അൻവർ, റസിയ ഫൈസൽ, പയ്യോളി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എംപി കൃഷ്ണൻ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സബീഷ് കുന്നോത്ത്, പടിക്കൽ രാജൻ, കുഞ്ഞബ്ദുള്ള എടക്കണ്ടി, ബിനീഷ് കോട്ടക്കൽ, പി പി മോഹൻ ദാസ് എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കർഷക ദിനത്തോടനുബന്ധിച്ച് അയനിക്കാട് വെസ്റ്റ് യുപി സ്കൂളിൽ വെച്ച് സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ വിജയിച്ച കുട്ടികൾക്കുള്ള സമ്മാനവിതരണവും നടത്തി. സമഗ്ര പച്ചക്കറി ഉൽപാദന യജ്ഞം എന്ന പദ്ധതിയുടെ ഭാഗമായി കർഷകർക്ക് സൗജന്യമായി പച്ചക്കറി വിത്ത് തൈകളുടെ വിതരണവും നഗരസഭ ചെയർമാൻ നിർവഹിച്ചു. കൃഷിവകുപ്പിന്റെ കൃഷിഭവൻ വഴി ലഭ്യമാകുന്ന വിവിധ സേവനങ്ങളുടെ കോർണറുകളും നഗരസഭാ ഹാളിൽ ഒരുക്കിയിരുന്നു. കേരള കർഷകൻ, അഗ്രി സ്റ്റാക്ക്, കതിർ ആപ്പ് രജിസ്ട്രേഷൻ, സോയിൽ കളക്ഷൻ എന്നീ കോർണറുകൾ ശ്രദ്ധേയമായി. കർഷക ദിനാഘോഷത്തോടനുബന്ധിച്ച് കോട്ടക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രജീഷയുടെ നേതൃത്വത്തിൽ ‘നല്ല ഭക്ഷണം നല്ല ആരോഗ്യത്തിന്’ എന്ന വിഷയത്തിൽ ട്രെയിനിങ് ക്ലാസ് സംഘടിപ്പിച്ചു. തുടർന്ന് അസിസ്റ്റന്റ് കൃഷി ഓഫീസർ സൈജു എസ് നന്ദി രേഖപ്പെടുത്തി.