പയ്യോളി മത്സ്യമാര്‍ക്കറ്റ് വഴി പ്രശ്നം: മത്സ്യ വില്പന ദേശീയപാതയോരത്തേക്ക് മാറ്റി പ്രതിഷേധം തണുപ്പിക്കാന്‍ നഗരസഭയുടെ ശ്രമമെന്ന്

news image
Jan 20, 2025, 12:21 pm GMT+0000 payyolionline.in

പയ്യോളി: മത്സ്യമാര്‍ക്കറ്റിലേക്കുള്ള വഴിയുടെ കാര്യത്തില്‍ ഉറപ്പ് ലഭിക്കുന്നത് വരെ നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്ന മാര്‍ക്കറ്റ് തൊഴിലാളികളുടെ ആവശ്യം ശക്തിയായതോടെ വില്പന റോഡരുകിലേക്ക് മാറ്റിയ പ്രതിഷേധം തണുപ്പിക്കാന്‍ നഗരസഭയുടെ ശ്രമമെന്ന് തൊഴിലാളികള്‍. ദേശീയപാതയോരത്ത് തല്‍ക്കാലിക ഷെഡ് കെട്ടി മത്സ്യവില്പന അവിടേക്ക് മാറ്റാനാണ് നഗരസഭയുടെ നീക്കം. ഇതിനായി സ്വകാര്യ വ്യക്തിയുടെ കൈവശമുള്ള സ്ഥലത്ത് മുള ഉപയോഗിച്ച് നിര്‍മ്മാണം തുടങ്ങിയിട്ടുണ്ട്. രണ്ട് ദിവസത്തിനകം മാര്‍ക്കറ്റ് മാറ്റാനുള്ള തീരുമാനമാണ് നഗരസഭ കൈകൊണ്ടതെന്ന് അറിയുന്നു.

പയ്യോളിയില്‍ മത്സ്യ വില്പനക്കായി നഗരസഭ നിര്‍മിക്കുന്ന ദേശീയപാതയോരത്തെ തല്‍ക്കാലിക ഷെഡ്

നിലവിലെ മത്സ്യമാര്‍ക്കറ്റ് നവീകരണത്തിനായി 53 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും ഊരാളുങ്കല്‍ സൊസൈറ്റി ഏറ്റെടുത്ത പ്രവര്‍ത്തിക്കായാണ് തൊഴിലാളികളെ മാറ്റുന്നത് എന്നുമാണ് നഗരസഭ പറയുന്നത്. എന്നാല്‍ നഗരസഭ നിര്‍മ്മിക്കുന്ന ഷോപ്പിങ് കോംപ്ലക്സുമായി ബന്ധപ്പെട്ട വഴി പ്രശ്നത്തില്‍ അനുകൂല തീരുമാനമായില്ലെങ്കില്‍ മത്സ്യവില്പന തല്‍കാലിക ഷെഡിലേക്ക് മാറ്റാനുള്ള ശ്രമത്തില്‍ സഹകരിക്കേണ്ടതില്ലെന്നാണ് തൊഴിലാളികളുടെ അഭിപ്രായം. ഇന്ന് ചേരുന്ന മാര്‍ക്കറ്റ് തൊഴിലാളികളുടെ യോഗത്തില്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനം കൈകൊള്ളുമെന്ന് മത്സ്യ മാര്‍ക്കറ്റ് തൊഴിലാളി കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു. 53 ലക്ഷം രൂപയുടെ മത്സ്യ മാര്‍ക്കറ്റ് നവീകരണ പ്രവര്‍ത്തിയും ഒരു കോടി 90 ലക്ഷത്തിന്റെ നഗരസഭ ഷോപ്പിങ് കോംപ്ലെക്സ് നിര്‍മ്മാണ പ്രവര്‍ത്തിയും കരാര്‍ എടുത്തിരിക്കുന്നത് ഊരാളുങ്കല്‍ സൊസൈറ്റിയാണ്. മൂന്ന് മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ആവുമെന്നാണ് നഗരസഭ അവകാശപ്പെടുന്നത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe